ഗുരുവായൂർ: ടെമ്പിൾ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നു. നിലവിലെ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നാലു നിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്. ടെമ്പിൾ പൊലീസ് സ്റ്റേഷന് പുറമെ അസി.പൊലീസ് കമ്മീഷ്ണറുടെ ഓഫീസ്, പൊലീസുകാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, രണ്ട് വിഐപി സ്യൂട്ട് എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും. ഇതിനായി നിലവിൽ ടെമ്പിൾ സ്റ്റേഷൻ പ്രവർത്തിക്കുന്ന ദേവസ്വം വകസ്ഥലം 30 വർഷത്തേക്ക് പൊലീസിന് പാട്ടത്തിന് നൽകും. മാസം 30,000 രൂപയ്ക്കാണ് സ്ഥലം നൽകുന്നത്. കൂടാതെ വർഷം തോറും അഞ്ച് ശതമാനം വർദ്ധനവും നടപ്പാക്കും.
പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനുള്ള ചിലവ് സർക്കാർ വഹിക്കും. ഇതു സംബന്ധിച്ച് ഡിജിപിയുമായി ദേവസ്വം കരാർ ഒപ്പിടും. ചിങ്ങമാസത്തിൽ കെട്ടിടത്തിന്റെ കല്ലിടൽ ചടങ്ങ് നടത്താനാണ് തീരുമാനം. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ പൊലീസ് സ്റ്റേഷന്റെ താത്കാലിക പ്രവർത്തനം പടിഞ്ഞാറെനടയിൽ പഴയ ബാലകൃഷ്ണ ബസ് സ്റ്റാൻഡിന്റെ മുന്നിലുള്ള കെട്ടിടത്തിലേക്കുമാറ്റും. ആറു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.