കൊടുങ്ങല്ലൂർ: ജൂലായ് 14ന് നടക്കുന്ന ലോകമലേശ്വരം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മത്സരിക്കേണ്ടതില്ലെന്ന് നിശ്ചയിച്ചു, കോൺഗ്രസ് നയിക്കുന്ന ഔദ്യോഗിക പാനലും എൻ.ഡി.എ പാനലും തമ്മിലുള്ള മത്സരം ഉറപ്പായി. ദീർഘകാലമായി ബാങ്കിനെ നയിക്കുന്ന കോൺഗ്രസ് ഐ ബ്ളോക്ക് വൈസ് പ്രസിഡന്റ് ഐ.കെ. ഗോവിന്ദൻ നയിക്കുന്ന ഔദ്യോഗിക പാനലിൽ നിലവിലുള്ള ഭരണ സമിതിയിൽ അംഗങ്ങളായ മുൻ നഗരസഭാ കൗൺസിലർ ജയാ രാജൻ, ടി.എസ്. വാസുദേവൻ എന്നിവർ മത്സരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. അന്തരിച്ച സഹദേവൻ ശാന്തിയുടെ ഭാര്യ മിനി സഹദേവൻ, അശോകൻ പെട്ടിക്കാട്ടിൽ എന്നിവരാണ് ഇവർക്ക് പകരം ഔദ്യോഗിക പാനലിലുള്ളത്.
ഇതേ സമയം ഔദ്യോഗിക പാനലിനെ നേരിടാൻ കരുതലോടെയാണ് എൻ.ഡി.എ നീക്കം ആരംഭിച്ചിട്ടുള്ളത്. ശ്രീനാരായണ ധർമ്മസഭയെ ദീർഘകാലം നയിച്ച പി.എൻ. രാജൻ പണിക്കവീട്ടിൽ, നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ, നഗരസഭാ കൗൺസിലർ ശാലിനി വെങ്കിടേഷ്, ശ്രീകുരുംബ ഭഗവതീ ക്ഷേത്രോപദേശക സമിതി സെക്രട്ടറി, നഗരസഭാ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇറ്റിത്തറ സന്തോഷ്, വൈദിക രംഗത്തെ പ്രമുഖരിലൊരാളായ ഗിരീഷ്ശാന്തി ചെമ്പനേഴത്ത് തുടങ്ങിയവർ എൻ.ഡി.എ പാനലിൽ ഉൾപ്പെട്ടിട്ടുണ്ട്. 11 അംഗ ഭരണസമിതിയിലേക്ക് 28ഓളം പേർ പത്രിക നൽകിയതായാണ് റിപ്പോർട്ട്. നാളെയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.