തൃശൂർ: ആലപ്പുഴയിൽ കളക്ടറായിരിക്കെ മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ റിസോർട്ടിനെതിരെ റിപ്പോർട്ട് നൽകുകയും സ്ഥാനം നഷ്ടപ്പെടുത്തുന്ന സ്ഥിതിയിലെത്തിക്കുകയും ചെയ്ത ടി.വി. അനുപമ അവധിയിലേക്ക്. ആലപ്പുഴയ്ക്ക് ശേഷം തൃശൂരിലെത്തിയ അനുപമ കൈയടി നേടിയും വിവാദങ്ങളിലും നിറഞ്ഞാണ് അവധിയിൽ പ്രവേശിക്കുന്നത്.

സിവിൽ സർവീസുകാർ എട്ടു വർഷം പൂർത്തിയായാൽ മസൂറിൽ ഒരു മാസത്തെ പരിശീലനം നിർബന്ധിതമാണ്, ഇതിനാണ് അവധിയെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ വർഷം പോകേണ്ടതായിരുന്നെങ്കിലും കഴിഞ്ഞില്ലെന്നും ടി.വി. അനുപമ പറഞ്ഞു. തൃശൂരിൽ നിന്ന് പോകുന്നതിന് പിന്നിൽ മറ്റൊന്നുമില്ലെന്നും അവർ പറഞ്ഞു.

തൃശൂരിൽ ചുമതലയേറ്റയുടൻ കടൽക്ഷോഭത്തിൽപ്പെട്ട തീരദേശവാസികളുടെ പ്രതിഷേധത്തെ തണുപ്പിച്ചതിൽ നിന്ന് തുടങ്ങിയ പ്രവർത്തനം പ്രളയകാലത്തും കൈയടി നേടി. തിരഞ്ഞെടുപ്പ് സമയത്ത് ചട്ടലംഘനത്തിന് സുരേഷ്‌ ഗോപിക്ക് നോട്ടീസ് നൽകിയതിനെ തുടർന്ന് സൈബർ ആക്രമണത്തിന് ഇരയായെങ്കിലും തീരുമാനത്തിൽ ഉറച്ചുനിന്നു. പ്രളയകാലത്ത് ഊണും ഉറക്കവുമില്ലാതെ സജീവപ്രവർത്തനം.

തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിലും അനുപമയുടെ തീരുമാനം നിർണായകമായി. വിഷയം രമ്യമായി പരിഹരിക്കുന്നതിനും അവർക്കായി. കഴിഞ്ഞ മാസം പട്ടയ ആവശ്യത്തിൽ കളക്ടറേറ്റ് ഉപരോധിക്കാൻ എത്തിയവരെ ഒന്നര മാസത്തിനകം നടപടിയാകുമെന്ന ഉറപ്പിൽ അനുനയിപ്പിച്ചതും ചർച്ചയായി.

ഒടുവിൽ കല്ലട ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യുന്നതിൽ ശക്തമായ ഇടപെടൽ നടത്തിയാണ് തൃശൂരിൽ നിന്നും പടിയിറങ്ങുന്നത്. അവസാനം പ്രളയാനന്തര സഹായത്തിന് അപേക്ഷ നൽകുന്നവരുടെ അപേക്ഷകളിൽ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കണമെന്ന നിർദ്ദേശവും നൽകി ജനകീയ കളക്ടർ എന്ന നിലയിൽ പ്രശംസ നേടി. സി. ഷാനവാസാണ് പുതിയ തൃശൂർ ജില്ലാ കളക്ടർ.