തൃപ്രയാർ: വലപ്പാട് ചന്തപ്പടിയിൽ ദ്വിദ്വിന ഞാറ്റുവേല ചന്ത ആരംഭിച്ചു. തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ അദ്ധ്യക്ഷനായി. അസി കൃഷി ഡയറക്ടർ ജോസഫ് ജോഷി വർഗീസ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന അജയഘോഷ്, ടി.യു. ഉദയൻ, അഡ്വ. ടി.എൻ. സുനിൽകുമാർ, രാജിഷ ശിവജി, പി.എസ്. ഷജിത്ത്, കൃഷി ഓഫീസർ ഫാജിത റഹ്മാൻ, മല്ലിക ദേവൻ, ഷാജി ചാലിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പായസമേള നടന്നു. ഉച്ചതിരിഞ്ഞ് നടന്ന സെമിനാറിൽ ഞാറ്റുവേലയും അനുബന്ധകൃഷിയും എന്ന വിഷയത്തിൽ വി.എസ് റോയ് ക്ളാസെടുത്തു. ഇന്ന് രാവിലെ പാചകമത്സരം നടക്കും. തുടർന്ന് കാർഷിക ക്വിസ്, ക്ഷീരവികസന സെമിനാർ, മികച്ച കർഷകരെ ആദരിക്കൽ എന്നിവയുണ്ടാവും. ചന്തയുടെ ഭാഗമായി മണ്ണ് പരിശോധന, പ്ളാന്റ് - ഹെൽത്ത് ക്ളീനിക്ക്, കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, നഴ്സറി സ്റ്റാളുകൾ എന്നിവയും ഉണ്ട്.