തൃശൂർ: ജമ്മു കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചുവെന്നും എന്നാൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ സർക്കാർ സംവിധാനങ്ങൾ തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾ കുറഞ്ഞിട്ടുണ്ട്. നിലവിൽ ജമ്മു കാശ്മീരിലേത് ഗുരുതരമായ പ്രശ്‌നമാണെന്ന് കണക്കുകളും പറയുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടതും 2018ൽ ആണ്. സിവിലിയന്മാരുടെ മരണനിരക്കിലും വർദ്ധനവുണ്ട്. 2017ൽ 40പേരും 2018ൽ 39 പേരും കൊല്ലപ്പെട്ടു. തീവ്രവാദ ആക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും കണക്കുകളിലും 2017നേക്കാൾ ഇരട്ടി വർദ്ധനവുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ലഭ്യമാക്കിയ കണക്കുകളിൽ പറയുന്നു.