തൃശൂർ: വരൾച്ചയ്ക്കും കുറഞ്ഞ വേനൽമഴയ്ക്കും പിന്നാലെ, കാലവർഷവും തിരിച്ചടിച്ചതോടെ ജില്ലയിൽ കുടിവെള്ള ക്ഷാമത്തിനും വിളവ് കുറയലിനും വഴിയൊരുങ്ങുന്നു. 40 ശതമാനം മഴക്കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഒരു മാസം പിന്നിടുമ്പോൾ 627 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 374 മി.മീ മഴ മാത്രമാണ് ലഭിച്ചത്. പത്ത് വർഷത്തിനിടയിൽ ഇടവപ്പാതിയുടെ തുടക്കത്തിൽ ഇത്രമാത്രം മഴ കുറഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇപ്രാവശ്യം വേനൽമഴയും കുറഞ്ഞിരുന്നു. കടുത്ത ചൂടും മഴയുടെ കുറവും മൂലം ശുദ്ധജലക്ഷാമം രൂക്ഷമായിരുന്നു. കാലവർഷത്തോടെ സ്ഥിതി മാറുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ വേനലിൽ വറ്റിയ കിണറുകളിൽ ഇനിയും വേണ്ടത്ര വെള്ളമായിട്ടില്ല. ചിലയിടങ്ങളിൽ കിണറിൽ മണ്ണ് കലങ്ങിയ നിലയിലാണ്.

അതേസമയം, കൃഷിയിറക്കിയ നെൽപ്പാടങ്ങളിൽ മതിയായ വെള്ളമില്ലാത്തത് വിളവിനെ സാരമായി ബാധിക്കുമെന്ന ഭീതിയിലാണ് കർഷകർ. വെള്ളമില്ലാത്തതിനാൽ ഒന്നാംവിള കൃഷിയിറക്കാൻ കഴിയാതിരുന്നവരുമുണ്ട്. നാളികേരത്തിന്റെ ഉത്പാദനത്തെയും ഇടവപ്പാതിയിലെ മഴക്കുറവ് ബാധിക്കും. തെങ്ങിന്റെ തടമെടുത്ത ശേഷം വെള്ളമില്ലാതായാൽ വിളവ് കുറയുമെന്നാണ് കർഷകർ പറയുന്നത്. മൊത്തം മഴയുടെ കൂടുതൽ ഭാഗവും ലഭിക്കേണ്ടത് ജൂണിലാണ്. ജൂൺ എട്ടിന് ആരംഭിച്ച കാലവർഷം രണ്ട് ദിവസം കഴിഞ്ഞ് 'വായു'വിനൊപ്പം ദുർബലമായി. മഴ ജില്ലയിൽ എത്താൻ രണ്ടു ദിവസം വൈകി. മഴ ദിവസങ്ങളും വല്ലാതെ കുറയുന്നുണ്ട്. ചില ദിവസങ്ങളിൽ അതിശക്തമായി പെയ്യുന്നുമുണ്ട്.

ജൂണിൽ ശരാശരിയിൽ കൂടുതൽ മഴ കിട്ടിയത്:

2013 (1047മി.മീ)

2011 (780)

2018 (751)

തീരെ കുറഞ്ഞത്:

2012 (440മി.മീ)

2014 (452)

2015 (562)

2016 (603)

മൊത്തം മഴ ലഭിക്കേണ്ടത്:

ജൂൺ : 36 ശതമാനം

ജൂലായ്: 33

ആഗസ്റ്റ്: 20

സെപ്തംബർ:11

30 ന് സാദ്ധ്യത

''സെപ്തംബർ വരെ ഉള്ളതിനാൽ മഴക്കമ്മിയും വരൾച്ചയും ഉടനെ പ്രവചിക്കാനാവില്ല. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളുന്നതായാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ 30 ന് മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.''

ഡോ. സി.എസ്. ഗോപകുമാർ (കാലാവസ്ഥാ വ്യതിയാന ഗവേഷകൻ)

വിളവ് കുറയും

'' മഴ കുറഞ്ഞതിനാൽ ഇടവത്തിൽ കൃഷിയിറക്കിയ നെൽക്കർഷകർക്ക് ദോഷമാകും. കതിർക്കനവും വിളവും കുറയും. കളശല്യം രൂക്ഷമാകും. വെള്ളമില്ലാത്തതിനാൽ കതിർക്കുല വീഴാനും ഇടയാകും. ''

ആലാട്ട് ചന്ദ്രൻ (കർഷകൻ)

കൊതുക് പെരുകി

അതിശക്തമായ മഴദിനങ്ങൾ കൂടുകയും മറ്റു ദിവസങ്ങളിൽ കനത്ത വെയിലും അനുഭവപ്പെടുന്നത് രോഗാണുക്കളുടെ വ്യാപനത്തിനും ഇടയാക്കുന്നുണ്ട്. കൊതുകുശല്യം രൂക്ഷമായതോടെ ഡെങ്കി അടക്കമുളള പനിബാധിതരുടെ എണ്ണവും കൂടി. കാലാവസ്ഥാവ്യതിയാനം കൊണ്ട് സംഭവിക്കുന്ന രോഗങ്ങൾ കൂടുകയാണ്

ആരോഗ്യരംഗത്തെ വിദഗ്ദ്ധർ..