തൃശൂർ: ശാസ്ത്ര സാങ്കേതിക കൗൺസിൽ മെമ്പർ സെക്രട്ടറിയെ ചട്ടം ലംഘിച്ച് കരാർ നിയമനം നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. കൗൺസിലിന്റെ മേധാവി മുഖ്യമന്ത്രിയാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി അറിയാതെ നിയമനം നടക്കില്ല. ഈ പദവിയിൽ നിയോഗിക്കപ്പെടാൻ കുറഞ്ഞത് 15 വർഷം ശാസ്ത്രജ്ഞനായി പ്രവർത്തിച്ച പരിചയം വേണം. 50 ലക്ഷം രൂപ കൈകാര്യം ചെയ്യാൻ അധികാരമുള്ള പദവികളിൽ കരാർ നിയമനം നടത്താൻ പാടില്ല എന്നാണ് കീഴ് വഴക്കം. ഇതെല്ലാം അട്ടിമറിച്ചു. യോഗ്യരായ ശാസ്ത്രജ്ഞരെ തഴഞ്ഞാണ് ഇ.പി ജയരാജന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഡോ.എസ്. പ്രദീപ്കുമാറിന് നിയമനം നൽകിയത്. അഴിമതിയും സ്വജനപക്ഷപാതവുമാണ് നിയമനത്തിന് പിന്നിലുള്ളതെന്നും വിഷയത്തെ ബി.ജെ.പി നിയമപരമായി നേരിടുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.