മാള: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എം.എസ് മാള യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലേക്ക് മാർച്ച് നടത്തി. പട്ടികജാതി-പട്ടിക വർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, നിർബന്ധിത പി.ടി.എ ഫണ്ട് പിരിവ് അവസാനിപ്പിക്കുക, ഫണ്ട് വകമാറ്റി ചെലവഴിക്കുന്നത് അവസാനിപ്പിക്കുക, നിയമങ്ങളിലെ അവസര നിഷേധം അവസാനിപ്പിക്കുക, പ്രമോട്ടർമാർക്ക് വർദ്ധിപ്പിച്ച ഓണറേറിയം പ്രാബല്യത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. മാർച്ചിന് ശേഷം നടന്ന ധർണ ജില്ലാ സെക്രട്ടറി സി.എ. ശിവൻ സമരം ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി.എ. സുരേന്ദ്രൻ, പി.പി.മനോജ്, തങ്കമ്മ വേലായുധൻ, ഉഷ ബാലൻ, കെ.കെ. രാജൻ, കെ.വി. സുബ്രൻ എന്നിവർ സംസാരിച്ചു.