മാള: പൊയ്യ ഗ്രാമപഞ്ചായത്തിൽ പൂപ്പത്തി അഞ്ചാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ 80.2 ശതമാനം വോട്ട് രേഖപ്പെടുത്തി. രണ്ട് ബൂത്തുകളിലായി ആകെയുള്ള 1500 വോട്ടർമാരിൽ 1203 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വാർഡ് മെമ്പറായിരുന്ന സി.പി.എമ്മിലെ സിന്ധു ജോയ് വിദേശത്ത് ജോലിക്ക് പോയപ്പോൾ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
യു.ഡി.എഫിലെ സജിത ടൈറ്റസ്, എൽ.ഡി.എഫിലെ അനു ഗോപി, എൻ.ഡി.എയിലെ അനില സുനിൽ എന്നിവർ തമ്മിലാണ് മത്സരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സിന്ധു ജോയ് 169 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 202 വോട്ടുകളുടെ ഭൂരിപക്ഷം ഈ വാർഡിൽ യു.ഡി.എഫിന് ലഭിച്ചിരുന്നു. വ്യക്തിപരമായ വോട്ടുകൾ നിർണായകമായ വാർഡിൽ മൂന്ന് സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പമുള്ള പ്രവർത്തനമാണ് നടത്തിയിട്ടുള്ളത്.
വോട്ടെണ്ണൽ ഇന്ന് രാവിലെ പത്തിന് പൊയ്യപഞ്ചായത്ത് ഹാളിൽ നടക്കും. എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള പഞ്ചായത്ത് ഭരണത്തിൽ തിരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല. എന്നാൽ ഭരണത്തിനുള്ള വിലയിരുത്തൽ കൂടിയായി മാറുന്ന ഉപതിരഞ്ഞെടുപ്പ് എൽ.ഡി.എഫിനെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. അതേസമയം യു.ഡി.എഫിനെ സംബന്ധിച്ച് വിജയം പ്രാധാന്യമുള്ളതാണ്. എൻ.ഡി.എക്ക് പഞ്ചായത്ത് ഭരണസമിതിയിലെ അംഗബലം ഉയർത്താനുള്ള അവസരമാണ് ഈ ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്ത് ഭരണസമിതിയിൽ ആകെയുള്ള 15 അംഗങ്ങളിൽ ഇപ്പോൾ എൽ.ഡി.എഫിന് ഒൻപതും യു.ഡി.എഫിന് നാലും ബി.ജെ.പി.ക്ക് ഒരു അംഗവുമാണുള്ളത്.
ഇതാണ് സൗഹൃദം..പുഞ്ചിരിയുമായി മൂന്ന് മുന്നണി സ്ഥാനാർത്ഥികളും വോട്ടെടുപ്പ് കേന്ദ്രത്തിലെ പടിക്കൽ.