ചാലക്കുടി: ശൈശവ വിവാഹം നടന്നിട്ടില്ലെന്ന് മലക്കപ്പാറ അടിച്ചിൽത്തൊട്ടി ആദിവാസി കോളനിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലീസിന് മൊഴി നൽകിയതോടെ പൊലീസ് ആശയക്കുഴപ്പത്തിൽ. ഇതോടെ സംഭവത്തെക്കുറിച്ച് ഇനിയെന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലാണ് പൊലീസ്. വിവാഹക്കാര്യം പെൺകുട്ടി നിഷേധിച്ച സാഹചര്യത്തിൽ കൂടുതൽ അന്വേഷണവും നടത്താനാകില്ല.

കേട്ടുകേൾവികളല്ലാതെ പ്രത്യക്ഷമായ തെളിവ് എന്തെങ്കിലും ലഭ്യമായാൽ മാത്രമേ അടുത്ത നടപടികളിലേക്ക് കടക്കാനാകുകയുള്ളൂവെന്ന് മലക്കപ്പാറ എസ്.ഐ പറഞ്ഞു. ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തുന്ന അന്വേഷണത്തിലും ഇതുവരെയും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ബുധനാഴ്ച വൈകീട്ടാണ് മുതുവാൻ കോളനിയിലെത്തി പൊലീസ്, പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. വിഹാഹനിശ്ചയം മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് കുട്ടി മൊഴി നൽകിയത്. ഇതിനിടെ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റും പൊതുപ്രവർത്തകരും വ്യാഴാഴ്ച കോളനിയിലേക്ക് പോയിട്ടുണ്ട്. തമിഴ്‌നാട്ടിൽപ്പെട്ട കാടൻപാറ കോളനിയിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായാണ് വിവാഹനിശ്ചയം നടന്നുവെന്ന് പറയുന്നത്. ഇതിനിടെ തമിഴ്‌നാട്ടിലെ കോളനിയിൽ പോയി അന്വേഷണം നടത്തുന്നത് പ്രയോഗികമല്ലെന്നാണ് പൊലീസ് നിലപാട്. ഇതു സംബന്ധിച്ച് കേസുകൾ നിലവില്ലാത്തതും മലക്കപ്പാറയിൽ നിന്നും അമ്പത് കിലോ മീറ്റർ അകലെയാണ് കോളനിയെന്നതുമാണ് പൊലീസിനെ കുഴക്കുന്നത്..