തൃശൂർ: എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര നിയമനിർമ്മാണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു നേതൃത്വം നൽകുന്ന കേരള അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് യൂണിയൻ (കെ.യു.എസ്.ടി.യു) രംഗത്ത്. അസംഘടിതരായ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തിനും മാനേജ്‌മെന്റുകളുടെ ചൂഷണത്തിനുമെതിരെ നിയമനിർമ്മാണം നടപ്പാക്കുക, തുല്യജോലിക്ക് തുല്യവേതനം എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് 29ന് 10ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധ ക്ഷണിക്കൽ പ്രമേയം കൊണ്ടു വന്നെങ്കിലും നടപടികളൊന്നും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് യൂണിയന്റെ പ്രതിഷേധമെന്ന് സി.ഐ.ടി.യു തൃശൂർ ജില്ലാ പ്രസിഡന്റും കെ.യു.എസ്.ടി.യു സംസ്ഥാന പ്രസിഡന്റുമായ കെ.കെ. രാമചന്ദ്രൻ, ജനറൽ സെക്രട്ടറി വേണു കക്കട്ടിൽ, ജില്ലാ സെക്രട്ടറി ടി. ശ്രീകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു...