ചാലക്കുടി: വിവാദമായ പള്ളിപ്പാടത്തെ റോഡ് വിഷയം ചർച്ച ചെയ്യുന്നതിന് ചേർന്ന ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിൽ ഭരണപക്ഷഭിന്നത മറനീക്കി പുറത്ത്. ഇതേത്തുടർന്ന് വ്യക്തമായ തീരുമാനം കൈക്കൊള്ളാതെ യോഗം അവസാനിപ്പിച്ചു. പുതിയ റോഡ് നിർമ്മിക്കുന്നതു സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിന് ചേർന്ന യോഗത്തിൽ പള്ളിപ്പാടം മൊത്തം ഏറ്റെടുക്കുന്ന പ്രശ്‌നത്തിലേക്ക് വഴിമാറിപ്പോയി.
സ്ഥലം ഏറ്റെടുക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിന് വിശദമായ മറ്റൊരു യോഗം ചേരുമെന്ന ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറിന്റെ പ്രഖ്യാപനത്തോടെയാണ് കൗൺസിൽ അവസാനിച്ചത്. മാർക്കറ്റ് വികസനത്തിന് പള്ളിപ്പാടം അക്വയർ ചെയ്യാൻ പതിറ്റാണ്ടുകൾ മുമ്പ് തീരുമാനിച്ചതാണെന്നും ഇതു നടപ്പാക്കിയ ശേഷം പുതിയ റോഡ് നിർമ്മിച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ പറഞ്ഞു. റോഡ് നിർമ്മാണത്തിന് പ്രതിപക്ഷം എതിരാണെന്ന സൂചനയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകളിൽ.
എന്നാൽ ഏറ്റെടുക്കാനെടുത്ത തീരുമാനം നഗരസഭയുടെ ഒരു മിനിറ്റ്‌സിലും കാണുന്നില്ലെന്ന് വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ മറുപടി നൽകി. റോഡ് നിർമ്മിക്കണമെന്ന പരിസരവാസികളുടെ ആവശ്യത്തെ ന്യായീകരിച്ച് വൈസ് ചെയർമാനോടൊപ്പം സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിൻ, സി.പി.എമ്മിലെ സീമ ജോജോ, ബി.ജെ.പി അംഗം കെ.എം. ഹരിനാരായണൻ എന്നിവരും സംസാരിച്ചു. എന്നാൽ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.എം. ശ്രീധരൻ സ്ഥലം അക്വയർ ചെയ്യണമെന്ന നിലപാടിലായിരുന്നു.
സി.പി.ഐ അംഗങ്ങൾ റോഡ് നിർമ്മിക്കുന്നതിനെ ശക്തമായി എതിർത്തു. റോഡ് നിർമ്മാണം നടത്താൻ അനുവദിക്കില്ലെന്നും ജിജൻ മത്തായി വ്യക്തമാക്കി. സി.പി.എമ്മിലെ മറ്റംഗങ്ങൾ പുതിയ റോഡിനെ എതിർക്കാതെയാണ് സംസാരിച്ചത്. മാർക്കറ്റ് വികസനത്തിന് ആവശ്യമുള്ള സ്ഥലം മാത്രം അക്വയർ ചെയ്താൽ മതിയെന്ന് സി.പി.എമ്മിലെ വി.ജെ. ജോജി പറഞ്ഞു. വ്യക്തതയില്ലാത്തെ തീരുമാനം എടുത്തതിലൂടെ റോഡ് നിർമ്മാണത്തെ ശക്തമായി എതിർക്കുന്ന സി.പി.ഐയുടെ തീരുമാനത്തെ പരോക്ഷമായി അനുകൂലിക്കുന്ന നിലാപാടാണ് പ്രത്യേക യോഗം വിളിപ്പിച്ച പ്രതിപക്ഷം കൗൺസിലിൽ സ്വീകരിച്ചത്.
പാടം അക്വയർ ചെയ്യാൻ തീരുമാനിച്ച മിനിറ്റ്സ് കണ്ടെത്തിയെന്ന് വൈസ് ചെയർമാൻ വിൽസൺ പാണാട്ടുറമ്പിൽ പിന്നീട് അറിയിച്ചു. 2002 മേയ് അഞ്ചിനാണ് തീരുമാനമെടുത്തത്. പ്രവേശന കവാടം മുതൽ മാർക്കറ്റ് റോഡിൽ നിന്നും കിഴക്ക് കോൺവെന്റ് വരെ അഞ്ചേക്കർ സ്ഥലം അക്വയർ ചെയ്യാനാണ് അന്ന് തീരുമാനിച്ചതെന്ന് വൈസ് ചെയർമാൻ പറഞ്ഞു.