gvr-temple-parmparya-sami

ഗുരുവായൂർ: ദേവസ്വം ഭരണസമിതിയും ക്ഷേത്ര പാരമ്പര്യ പരിചാരക സമിതിയും തമ്മിലുള്ള പോര് പുറത്തേക്ക്. ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളിൽ ഭരണകർത്താക്കളുടെ കടന്നു കയറ്റം ക്ഷേത്ര സംവിധാനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി ആരോപിച്ചു.

ഇടത്തരികത്തുകാവിൽ ഭഗവതിയുടെ കലശച്ചടങ്ങിന്റെ ആചാര്യവരണത്തിനെത്തിയ ദേവസ്വം ചെയർമാനോട് ക്ഷേത്രം തന്ത്രി മാറി നിൽക്കാൻ പറഞ്ഞതിനെ തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായത്. ഇന്നലെ ഉച്ചതിരിഞ്ഞ് ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി, ക്ഷേത്രം മുഖ്യതന്ത്രിയുടെ സാന്നിദ്ധ്യത്തിൽ അടിയന്തര യോഗം ചേർന്നു. ക്ഷേത്രം തന്ത്രി, ഓതിക്കന്മാർ, കീഴ്ശാന്തിമാർ, ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളായ പത്തുകാർ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് പാരമ്പര്യ പരിചാരക സമിതി..

ക്ഷേത്ര കാര്യങ്ങളിലെ അവസാനവാക്കായ തന്ത്രി നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തെ തെല്ലും മാനിക്കാതെയാണ് പല തീരുമാനങ്ങളും ഭരണസമിതി എടുക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ക്ഷേത്ര കാര്യങ്ങളിലെ അവസാനവാക്ക് തന്ത്രിയുടേതാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുള്ളതാണെന്നും ഇവർ ചൂണ്ടിക്കാട്ടി. കലശത്തിന്റെ ആചാര്യവരണം നടക്കുമ്പോൾ ക്ഷേത്രം വാതിൽമാടത്തിന്റെ ഇടനാഴിയിലേക്ക് പ്രവേശിച്ച ചെയർമാനോട് അത് പാടില്ലെന്ന് തന്ത്രി അറിയിച്ചപ്പോൾ കയർക്കുകയായിരുന്നു. ഭരണ സമിതിയുടെ ക്ഷണപ്രകാരമാണ് തന്ത്രി ആചാര്യവരണത്തിനെത്തിയത്. അല്ലാതെ തന്ത്രിയുടെ ക്ഷണപ്രകാരമല്ല ചെയർമാൻ വന്നതെന്നും ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി പ്രസിഡന്റ് ചേന്നാസ് സതീശൻ നമ്പൂതിരിപ്പാടും സെക്രട്ടറി കീഴിയേടം രാമൻ നമ്പൂതിരിയും പറഞ്ഞു. ഇതിന് മുമ്പ് ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്‌നം നടക്കുന്ന സമയത്തും തന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. ഇതെല്ലാം ക്ഷേത്ര ചൈതന്യത്തെ ഹാനികരമായി ബാധിക്കും. ക്ഷേത്രത്തിലെ ആചാര്യനെ വേദനിപ്പിക്കുന്ന തരത്തിൽ പെരുമാറിയ നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തിൽ ക്ഷേത്രം തന്ത്രി ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. മുഖ്യതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, തന്ത്രിമാരായ ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട്, കീഴിയേടം രാമൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.