കൊടുങ്ങല്ലൂർ: നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കുട്ടികൾക്കായുള്ള സാഹസിക വിനോദ കേന്ദ്രവും ഐസ്ക്രീം വില്പനയും നഗരസഭ നോട്ടീസ് നൽകിയതിനെ തുടർന്ന് അടച്ചു പൂട്ടി. ചന്തപ്പുരയിലെ മാളുകളിലൊന്നിന്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചു വന്ന സാഹസിക വിനോദ കേന്ദ്രത്തിനും ഐസ്ക്രീം വില്പനക്കുമാണ് പൂട്ടുവീണത്. നിയമാനുസൃതമല്ലാതെ നിർമ്മിച്ച കെട്ടിടത്തിലാണ് ഇവ പ്രവർത്തിച്ചിരുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിലധികമായി നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് നഗരസഭയുടെ ലൈസൻസ് പോലുമുണ്ടായിരുന്നില്ല. കൂടാതെ കുട്ടികൾക്ക് വേണ്ടിയുള്ള സാഹസിക വിനോദ കേന്ദ്രത്തിന് സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭിക്കേണ്ട സാക്ഷ്യപത്രങ്ങളും പ്രദർശനങ്ങൾക്ക് വേണ്ട പി.പി.ആർ ലൈസൻസും ഉണ്ടായിരുന്നില്ല. കെട്ടിടത്തിൻ്റെ മുകൾനിലയിൽ ട്രസ് വർക്ക് ചെയ്ത ഭാഗത്ത് ഉയരത്തിൽ കെട്ടിയ വലകളിലൂടെ, കൊച്ചു കുട്ടികൾക്ക് നടന്നു പോകുവാൻ കഴിയുന്ന സാഹസിക വിനോദ പരിപാടികൾ ഇവിടെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാൻ യാതൊരു സുരക്ഷാസംവിധാനങ്ങളോ ഇൻഷ്വറൻസ് കവറേജോ ഉണ്ടായിരുന്നില്ല.

ഐസ് ക്രീമും ഭക്ഷ്യവസ്തുക്കളും വില്പന നടത്തുന്നതിനും ഭക്ഷ്യ സുരക്ഷാ അധികൃതർ ഉൾപ്പെടെയുള്ളവരുടെ അനുവാദമോ, ലൈസൻസോ എടുത്തിരുന്നില്ല. നഗരസഭ നൽകിയ നോട്ടീസുകൾക്കും ഉടമയുമായി നടത്തിയ ഹിയറിംഗിലും തൃപ്തികരമായ മറുപടിയോ രേഖകളോ ഹാജരാക്കുവാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്ഥാപനം അടച്ചുപൂട്ടാൻ നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത് ഉത്തരവ് നൽകിയത്.

അനധികൃതമായി നിർമ്മാണം നടത്തുന്ന കെട്ടിട ഉടമകൾക്കെതിരെയും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടികളുമായി മുന്നോട്ടു പോകും.

​- കെ.ആർ. ജൈത്രൻ (നഗരസഭാ ചെയർമാൻ)