പാവറട്ടി: തോളൂർ പഞ്ചായത്ത് നാട്ടറിവ് നാട്ടുത്സവം 2019 സംഘാടക സമിതി രൂപീകരിച്ചു. തോളൂർ പഞ്ചായത്ത് പത്ത് ജനകീയ മിഷനുകളുമായി സംയോജിപ്പിച്ചാണ് ഇത്തവണ നാട്ടറിവ് നാട്ടുത്സവം സംഘടിപ്പിക്കുന്നത്. സെപ്തംബർ 1 മുതൽ 10 വരെ പറപ്പൂർ സർവ്വീസ് സഹകരണ ബാങ്ക് പരിസരത്ത് പ്രദർശന വിപണന സാംസ്‌കാരിക വിവര വിനിമയ മേള നടത്തും. മേളയുടെ മുന്നോടിയായി 13 വാർഡുകളിലും 10 മിഷനുകളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, ചർച്ചകൾ, പ്രവർത്തനങ്ങൾ, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

കേളി, ചിത്രരചന മത്സരം, കർഷക ഗ്രാമസഭകൾ, ഞാറ്റുവേല ചന്ത, ബാല സംഗമം, വയോജന സംഗമം, നാട്ടുവീഥികൾ സൗന്ദര്യവത്കരണം, ലഹരി വിമുക്ത ഗ്രാമം, സംസ്‌കാരിക സദസ്, നിയമ ബോധവത്കരണ സെമിനാർ, ക്ഷീര ഗ്രാമം, ശുചിത്വ ഗ്രാമം, മെഗാ തിരുവാതിര, പുഴയോടൊപ്പം എന്നീ പരിപാടികൾ ജൂലായി, ആഗസ്റ്റ് മാസത്തിൽ സംഘടിപ്പിക്കും. ഘോഷയാത്ര, തൊഴിലാളി സംഗമം, കർഷക സംഗമം, സഹകാരി സംഗമം, ഗ്രാമപ്പൊലിമ, ക്ഷീര കർഷക സംഗമം, കുടുംബശ്രീ സംഗമം, അങ്കണവാടി കൂട്ടായ്മ, വയോജന സംഗമം, പ്രദർശന വിപണന മേള, ഫുഡ് ഫെസ്റ്റ്, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

ആറ് ലക്ഷത്തോളം രൂപ ചെലവ് വരുന്ന മേളയ്ക്ക് പൂർണ്ണമായും ജനകീയ പങ്കാളിത്തത്തോടെയാണ് പണം കണ്ടെത്തുന്നത്. സർക്കാർ ഫണ്ടുകൾ ഉപയോഗിക്കുന്നില്ല. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും മേള സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രൻ, എ.കെ. സുബ്രഹ്മണ്യൻ ( പറപ്പൂർ സഹ.ബാങ്ക്) എന്നിവർ രക്ഷാധികാരികളും അനീഷ് മണാളത്ത് (ചെയർമാൻ) സന്തോഷ് സി.എ (കൺവീനർ), പി.ഒ. സെബാസ്റ്റ്യൻ (ട്രഷറർ), കെ.പി. രവീന്ദ്രൻ (വൈസ് ചെയർമാൻ), ഡോ. സി.ടി. ജയിംസ് മാസ്റ്റർ, പി.ഒ. ജോസ്, അർജുനൻ കെ.എസ്. (ജോയിന്റ് കൺവീനർമാർ).