ഗുരുവായൂർ: ഇന്നർ റിംഗ് റോഡിൽ നടപ്പിലാക്കിയ വൺവേ സമ്പ്രദായത്തിൽ നിന്നും ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കി. മെയ് മാസം ഒന്നിനാണ് ക്ഷേത്ര നഗരിയിൽ ഇന്നർ റിംഗ് റോഡിൽ വൺവേ സമ്പ്രദായം ആരംഭിച്ചിരുന്നത്. അമൃത് പദ്ധതിയുടെ കാന നിർമ്മാണം നടക്കുന്ന സാഹചര്യത്തിൽ വാഹന ഗതാഗതം തടസ്സമാകാതിരിക്കുന്നതിനാണ് വൺവേ നടപ്പിലാക്കിയിട്ടുള്ളത്.

താത്കാലികമായി പന്ത്രണ്ട് ദിവസത്തേക്ക് എന്ന് പറഞ്ഞാണ് വൺവേ തുടങ്ങിയത്. എന്നാൽ രണ്ട് മാസം പിന്നിട്ടിട്ടും വൺവേ നിറുത്തലാക്കിയിട്ടില്ല. ഇതുമൂലം ക്ഷേത്രത്തിലേക്കു വ്യാപാര സ്ഥാപനങ്ങളിലേക്കും വരുന്ന ഇരുചക്ര വാഹനക്കാർ ഏറെ ബുദ്ധിമുട്ടിലായിരുന്നു. 66 വൺവേയിൽ നിന്നും ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കാൻ ട്രാഫിക് ഉപദേശക സമിതി നേരത്തെ തീരുമാനിക്കുകയും നഗരസഭ അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത് നടപ്പിലാക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് വ്യാപാരികളുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ ദിവസം ഇരുചക്രവാഹനങ്ങളെ വൺവേയിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നഗരസഭാ അധികൃതർ പൊലീസിന് കത്ത് കൊടുക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ മുതൽ ഇരുചക്ര വാഹനങ്ങളെ വൺവേയിൽ നിന്നും ഒഴിവാക്കാൻ തീരുമാനമായത്.