ഗുരുവായൂർ: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനം ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പാക്കുന്നതിനെ കുറിച്ച് ച‌ർച്ച ചെയ്യുന്നതിന് ഡി.ഐ.ജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ ദേവസ്വം ഓഫീസിൽ ഉന്നതതല യോഗം ചേർന്നു. ഒരാളെയും പരിശോധന കൂടാതെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തി വിടില്ല. എല്ലാ കവാടങ്ങളിലും പരിശോധന കൂടുതൽ കർശക്കശമാക്കും. പ്രധാന ഗോപുര കവാടങ്ങൾ കൂടാതെ മറ്റ് വഴികളിലൂടെ പരിശോധന കൂടാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയും. ദേവസ്വം ജീവനക്കാരെയും പൊലീസിനെയും പരിശോധനയ്ക്ക് ശേഷമേ അകത്തേക്ക് കടത്തി വിടേണ്ടതുള്ളൂവെന്നും യോഗത്തിൽ തീരുമാനിച്ചു. സ്ത്രീകളുടെ വാനിറ്റി ബാഗുകൾ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോകുന്നത് തടയും. ക്ഷേത്രത്തിലെ നിരീക്ഷണ കാമറകളുടെ നിരീക്ഷണം പൊലീസിന് കൈമാറണമെന്ന് ദേവസ്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ്, പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓഫീസർ പ്രദീപ്, അസി.പൊലീസ് കമ്മിഷണർ ബിജു ഭാസ്‌കർ, ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ സി. പ്രേമാനന്ദ കൃഷ്ണൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. ശങ്കുണ്ണിരാജ്, ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം ക്ഷേത്രത്തിലും പുറത്തും ഡി.ഐ.ജി പരിശോധന നടത്തി.