ചേലക്കര: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പങ്ങാരപ്പിള്ളി ആതിര ഗ്രാമീണ വായനശാല സന്ദർശിച്ചു. പങ്ങാരപ്പിള്ളി എ.എൽ.പി സ്‌കൂൾ, സെന്റ് ജോസഫ്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അദ്ധ്യാപകരോടൊപ്പം വായനശാലയിലെത്തിയത്. വിദ്യാർത്ഥികൾ അക്ഷര ഭിക്ഷയായി ശേഖരിച്ചു കൊണ്ടുവന്ന പുസ്തകങ്ങൾ എ.എൽ.പി സ്‌കൂൾ പ്രധാനദ്ധ്യാപിക സുധ ടീച്ചർ വായനശാലാ പ്രവർത്തകർക്ക് കൈമാറി. വായനശാലാ ഭാരവാഹികളായ എം.എം. അബ്ബാസ്, പി.എ. അച്ചൻകുഞ്ഞ്, കെ.എസ്. ശ്രീകുമാർ, ദേവദാസ്, എ.കെ. സാജു, സന്തോഷ് തുടങ്ങിയവർ വിദ്യാർത്ഥികളെ സ്വീകരിച്ചു. ക്വിസ് മത്സരം മധുരവിതരണം എന്നിവയ്ക്കു ശേഷം വായനശാലാ ബാലവേദി അംഗത്വം സ്വീകരിച്ചാണ് വിദ്യാർത്ഥികൾ മടങ്ങിയത്.