തൃശൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിന് പിറകെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന നാലിടത്തും യു.ഡി.എഫ് വിജയിച്ചു. മൂന്നിടത്ത് എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. തളിക്കുളം ബ്ലോക്കിലെ ചേറ്റുവ ഡിവിഷൻ, കോലഴി പഞ്ചായത്തിലെ കോലഴി നോർത്ത് വാർഡ്, മാള പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി വാർഡ്, ചേലക്കര പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി വാർഡ് എന്നിവിടങ്ങളിലാണ് യു.ഡി.എഫ് വിജയിച്ചത്. കോലഴി പഞ്ചായത്തിലേത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. നാലിടത്തും ബി.ജെ.പി സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്താണ്. പാഞ്ഞാളിൽ വെറും 35 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്.

ഉപതിരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ ഏക ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനായ തളിക്കുളം ചേറ്റുവ ഡിവിഷനിൽ 730 വോട്ടുകളുടെ ഭൂരിപക്ഷം കോൺഗ്രസ് സ്ഥാനാർത്ഥി നൗഷാദ് കൊട്ടിങ്ങലിന് ലഭിച്ചു. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് 650 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

മാള പൊയ്യ പഞ്ചായത്തിലേ പൂപ്പത്തി വാർഡിൽ കോൺഗ്രസിലെ സജിത ടൈറ്റസ് 42 വോട്ടിന്റെ ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണ 139 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് വിജയിച്ച സീറ്റാണിത്. എൽ.ഡി.എഫിലെ സിന്ധുവിന് വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോലഴി നോർത്ത് വാർഡിൽ കോൺഗ്രസിലെ എം.കെ. സുരേഷ് കുമാറിന് 165 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. കോൺഗ്രസിലെ കെ. ജെ. ചാണ്ടിയുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

പാഞ്ഞാൾ പടിഞ്ഞാറ്റു മുറി വാർഡിൽ കഴിഞ്ഞ തവണ കൈവിട്ട വിജയം യു.ഡി.എഫിലെ ആസിയ വെട്ടിപ്പിടിച്ചു. 183 വോട്ടിന്റെ ഭൂരിപക്ഷം. ആസിയയുടെ വിജയത്തോടെ യു.ഡി.എഫ് പഞ്ചായത്ത് ഭരണം കൂടുതൽ കരുത്തുറ്റതാക്കി. നിലവിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരിക്കുന്നത്. എൽ.ഡി.എഫിലെ ഗിരിജ സോമനാഥിന് സർക്കാർ ജോലി കിട്ടി രാജിവെച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

 തളിക്കുളം ചേറ്റുവ ഡിവിഷൻ


പോളിംഗ് : 5912
നൗഷാദ് കൊട്ടിങ്ങൽ (കോൺഗ്രസ്): 2843
സുനിൽ പണിക്കശേരി (സി.പി.എം): 2113
ദേവാനന്ദ് (ബി.ജെ.പി): 955
ഭൂരിപക്ഷം : 730

 പൂപ്പത്തി
പോളിംഗ് : 1200
സജിത ടൈറ്റസ് (കോൺഗ്രസ്): 532
അനുഗോപി (സി.പി.എം): 490
അനില സുനിൽ (ബി.ജെ.പി): 181
ഭൂരിപക്ഷം : 42

 കോലഴി നോർത്ത് വാർഡ്

പോളിംഗ് : 1236
എം.കെ. സുരേഷ്‌കുമാർ (കോൺഗ്രസ്): 567
വി.ജി. രാജൻ (സി.പി.ഐ): 432
ദിബിൻദാസ് (ബി.ജെ.പി): 207

പാഞ്ഞാൾ പടിഞ്ഞാറ്റുമുറി വാർഡ്

പോളിംഗ് :946
ആസിയ (കോൺഗ്രസ്): 547
ശ്രീന വിനോദ് (സി.പി.എം) : 364
പത്മാവതി (ബി.ജെ.പി): 35
ഭൂരിപക്ഷം: 183