വാടാനപ്പിള്ളി : ആഴക്കടലിലെ മത്സ്യബന്ധനത്തിന് ലൈസൻസ് നേടിയ ആദ്യവനിത രേഖ കാർത്തികേയനെകുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികളാണ് ഡോക്യുമെന്ററി നിർമ്മിച്ചത്. ആഴക്കടലിന്റെ തോഴി രേഖയുടെ ജീവിതം അഭ്രപാളികളിൽ പകർത്തിയാണ് വിദ്യാർത്ഥികൾ തങ്ങളുടെ സഹപാഠിയുടെ അമ്മയ്ക്കുള്ള ആദരവ് പ്രകടമാക്കിയത്.
മത്സ്യബന്ധനത്തിന് പോകുന്ന ഇന്ത്യയിലെ തന്നെ ആദ്യ വനിതയാണ് കുണ്ടലിയൂർ കാരാട്ട് കാർത്തികേയന്റെ ഭാര്യ രേഖ. വ്യക്തമായ ആത്മവിശ്വാസവും ലക്ഷ്യബോധവുമാണ് രേഖയെ മുന്നോട്ടുനയിച്ചതെന്ന് പറയുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന ക്ളബ്ബിലൂടെ ഐ.ടി മേഖലയെ കുറിച്ച് അറിവ് ലഭിച്ച വിദ്യാർത്ഥികൾ തങ്ങൾക്കു ലഭിച്ച അറിവ് ഒരു ഡോക്യുമെന്ററിയിലൂടെ ചിത്രീകരണത്തിന് വിനിയോഗിക്കുകയായിരുന്നു.
സഹപാഠിയുടെ അമ്മ എവർക്കും അത്ഭുതം സൃഷ്ടിച്ച വ്യക്തിയാണെന്ന തിരിച്ചറിവാണ് ഡോക്യുമെന്ററി എടുക്കാൻ കുട്ടികളെ പ്രേരിപ്പിച്ചതെന്ന് സ്ക്കൂൾ മാനേജർ ഫാ: പ്രിൻസ് ചിരിയങ്കണ്ടത്ത് പറഞ്ഞു. ഫാ. പ്രിൻസ് ഡോക്യുമെന്ററി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് മാത്യൂസ് പാവറട്ടി പ്രകാശനകർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ പുളിഞ്ചോട് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷൈലാറാണി, ഡെപ്യൂട്ടി എച്ച്.എം ആന്റോ മാസ്റ്റർ, ഷിന്റ ജോഷി, സോജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത രേഖ കാർത്തികേയൻ വിദ്യാർത്ഥികളുമായി തന്റെ അനുഭവങ്ങളെ കുറിച്ച് സംസാരിച്ചു.