malinyam
തോട്ടിൽ തള്ളിയ മാലിന്യം നീക്കംചെയ്ത് സംസ്കരിക്കുന്നു

എരുമപ്പെട്ടി: നീണ്ടൂർ മാത്തൂർ പാടശേഖരത്തെ തോട്ടിൽ സാമൂഹിക വിരുദ്ധർ തള്ളിയ മാലിന്യം പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നീക്കി. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. കടങ്ങോട് പഞ്ചായത്തിലെ പാടശേഖരത്തെ തോട്ടിൽ സാമൂഹിക വിരുദ്ധർ അറവു മാലിന്യവും കോഴിവേസ്റ്റും തള്ളിയത് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

പ്രദേശത്തെ പാടശേഖരങ്ങളിലും റോഡരികിലും അറവ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി സി.പി.ഐ രംഗത്തെത്തിയിരുന്നു. മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ലാത്ത മത്സ്യ മാംസ കച്ചവടക്കാർക്കാണ് പഞ്ചായത്ത് ലൈസൻസ് അനുവദിക്കുന്നതെന്നും ആരോപണമുണ്ട്.

പാടശേഖരങ്ങളിലേക്ക് ജലസേചനം നടത്തുന്നതിനും കുളിക്കാനും വസ്ത്രങ്ങൾ അലക്കുന്നതിനും പ്രദേശവാസികൾ തോടിനെയാണ് ആശ്രയിച്ചിരുന്നത്. രണ്ട് കുടിവെള്ള പദ്ധതികളുടെ കിണറുകളും തോടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. വൻതോതിലുള്ള അറവ് മാലിന്യവും കോഴി വേസ്റ്റും തോട്ടിൽക്കിടന്ന് അഴുകിയത് നാട്ടുകാരെ ആശങ്കയിലാക്കിയിരുന്നു.

കടങ്ങോട് ഗ്രാമപഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ നീക്കം ചെയ്ത മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജലീൽ ആദൂർ, അഡ്വ. കെ.എം. നൗഷാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എഫ്.ബാബു എന്നിവർ നേതൃത്വം നൽകി.