sajitha-taitus
സജിത ടൈറ്റസ്

മാള: പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി അഞ്ചാം വാർഡ് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത് യു.ഡി.എഫ് മിന്നും ജയം കരസ്ഥമാക്കി. 42 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സജിത ടൈറ്റസാണ് എൽ.ഡി.എഫിലെ അനു ഗോപിയെ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 1203 വോട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സജിത ടൈറ്റസ് 532 വോട്ട് നേടിയപ്പോൾ അനു ഗോപിക്ക് 490 വോട്ടാണ് ലഭിച്ചത്. പഞ്ചായത്ത് ഭരണത്തിൽ മാറ്റമുണ്ടാകില്ലെങ്കിലും എൽ.ഡി.എഫിനെ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ്. അതേസമയം യു.ഡി.എഫിനെ സംബന്ധിച്ച് വലിയ നേട്ടമുണ്ടാക്കുന്ന ഫലമാണ് ലഭിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്താൻ ബി.ജെ.പിക്കായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി ദീപ രാജേന്ദ്രന് 117 വോട്ടാണ് ലഭിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സിന്ധു ജോയ് 169 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിന്ധു ജോയ് വിദേശത്ത് ജോലിക്ക് പോയതിനെ തുടർന്ന് രാജി വെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 15 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് അഞ്ചും എൻ.ഡി.എയ്ക്ക് ഒന്നും അംഗങ്ങളാണുള്ളത്. വിജയിച്ച സജിത ടൈറ്റസിനെ കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. നിർമ്മൽ സി. പാത്താടൻ, പാർട്ടി നേതാക്കൾ തുടങ്ങിയവർ അഭിനന്ദിച്ചു.തുടർന്ന് യു.ഡി.എഫ് പ്രകടനം നടത്തി.