പെരിഞ്ഞനം പഞ്ചായത്തിൽ ക്ലീൻ പെരിഞ്ഞനം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഏകദിന പരിശീലന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്യുന്നു.
കയ്പ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിൽ ക്ലീൻ പെരിഞ്ഞനം പദ്ധതിയുടെ ഭാഗമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. സർക്കാരിന്റെ ശുചിത്വ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പഞ്ചായത്താണ് പെരിഞ്ഞനം. ജനപ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാ പ്രവർത്തകർ, എ.ഡി.എസ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവർക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്മിത ഷാജി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. സുധീർ, സെക്രട്ടറി ജോൺ പാറക്കൽ, പഞ്ചായത്തംഗം സായിദ മുത്തുക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു. ശുചിത്വമിഷൻ കോഡിനേറ്റർ അമൽ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ കോഡിനേറ്റർ ജ്യോതിഷ്‌കുമാർ, ഉണ്ണി എന്നിവർ ക്ലാസ് നയിച്ചു. സോഷ്യൽ എക്കണോമിക്കൻ യൂണിറ്റ് ഫൗണ്ടേഷൻ പ്രതിനിധി രേണു ജൈവ മാലിന്യ സംസ്‌കരണ പദ്ധതികളെ കുറിച്ച് സംസാരിച്ചു. ഗോപർദ്ധൻ ജൈവ മാലിന്യത്തിൽ നിന്നും ബയോഗ്യാസ് ഉത്പാദിപ്പിച്ച് 20 സുനാമി വീടുകളിലേക്ക് പാചക വാതകം നൽകുന്ന പദ്ധതിയെ കുറിച്ചും വിശദീകരിച്ചു. ജൂലായ് 13,14 തിയ്യതികളിൽ ശുചിത്വ ഹർത്താൽ ആചരിക്കാനും ആഗസ്റ്റ് 15ന് മാലിന്യത്തിൽ നിന്നും സ്വാതന്ത്യം പ്രഖാപിക്കാനും, ഒക്ടോബർ 2ന് ഗോപർദ്ധൻ പൂർത്തീകരിക്കാനും 2020 ജനുവരി 15ന് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് നിലവിൽ വരാനും തീരുമാനമെടുത്തു.