തൃശൂർ ; ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എം.ബി മുസിരിസ് ജങ്കാർ സർവീസ് നടത്തിവരുന്ന അഴീക്കോട് മുനമ്പം കടവുകളിൽ ബൊള്ളാർഡ് പോൾ പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയുടെ സാങ്കേതിക അനുമതിക്കായുള്ള പരിശോധന നടക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് അറിയിച്ചു. 46,80,000 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി മുഴുവൻ തുകയും ഹാർബർ എൻജിനീയറിംഗ് എറണാകുളം ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയറുടെ പേരിൽ കൈമാറിയിട്ടുണ്ട്. സാങ്കേതിക അനുമതി നൽകിയ ഉടൻ ടെൻഡർ ചെയ്യുമെന്ന് ഹാർബർ എൻജിനീയറിംഗ് ഓഫീസ് അറിയിച്ചതായും വൈസ് പ്രസിഡന്റ് പറഞ്ഞു. താന്ന്യം - നാട്ടിക പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെമ്മാപ്പിള്ളി കടവ് തൂക്കുപാലം അപകടാവസ്ഥയിലായതിനാൽ അടിയന്തരമായി അറ്റകുറ്റപണി നടത്തുകയോ യാത്ര നിറുത്തിവയ്ക്കുകയോ ചെയ്യണമെന്ന ഡിവിഷൻ അംഗം ആവശ്യപ്പെട്ടു. പ്രശ്‌നം ജില്ലാ കളക്ടറുടെയും സംസ്ഥാന സർക്കാറിന്റെയും ശ്രദ്ധയിൽപെടുത്താൻ യോഗം തീരുമാനിച്ചു. 'ജലരക്ഷ ജീവരക്ഷ' യുടെ ഭാഗമായി മണലിപ്പുഴയൊഴുകുന്ന പാണഞ്ചേരി, നടത്തറ, പുത്തൂർ, നെന്മണിക്കര, വല്ലച്ചിറ, തൃക്കൂർ, അളഗപ്പനഗർ തുടങ്ങിയ പഞ്ചായത്തുകളുടെ ജനകീയ സമിതികളുടെ നേതൃത്വത്തിൽ ജില്ലാ സർവേ ഉദ്യോഗസ്ഥരുടെ സംഘം സർവേ നടത്തിക്കൊണ്ടിരിക്കുന്നതായി മണ്ണുസംരക്ഷണ ഓഫീസർ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു...