മാള: കുഴൂരിനെ വികസനത്തിലേക്ക് നയിച്ച് ജീവിതം പൊതുപ്രവർത്തനത്തിനായി സമർപ്പിച്ച പി. ശാന്തകുമാരി ടീച്ചർ വിടവാങ്ങി. കുഴൂർ പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥാപനങ്ങൾക്കും ആശയം പകർന്ന് നടപ്പാക്കാൻ മുന്നിൽ നിന്ന് നയിച്ച ടീച്ചറുടെ വിയോഗം ആകസ്മികമായിരുന്നു. ഏറെക്കാലമായി വാർദ്ധക്യ സഹജമായ പ്രയാസങ്ങൾ അനുഭവിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പഞ്ചായത്ത് യോഗത്തിലേക്ക് വരുമ്പോഴായിരുന്നു കുഴഞ്ഞു വീണത്.
എരവത്തൂർ എസ്.കെ.വി.എൽ.പി.സ്‌കൂൾ, കുണ്ടൂർ സർക്കാർ യു.പി. സ്‌കൂൾ, കുഴൂർ സർക്കാർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി 36 വർഷം അദ്ധ്യാപികയായിരുന്നു. ജനകീയാസൂത്രണം തുടങ്ങിയ 1995 ൽ കുഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2000-2005 വർഷത്തിൽ പ്രസിഡന്റായിരുന്നു. ഈ കാലയളവിൽ തുടർച്ചയായി മൂന്ന് വർഷം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സർക്കാർ അവാർഡ് കുഴൂരിന് ലഭിച്ചു. 2015ലാണ് വീണ്ടും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. കുഴൂർ പഞ്ചായത്തിന് സ്വന്തമായൊരു കളിസ്ഥലം വേണമെന്ന ആഗ്രഹത്തിൽ ഉത്തരേന്ത്യയിലെ ഒരു രാജ്യസഭാ എം.പി.യുടെ ഫണ്ട് അനുവദിപ്പിച്ച് ടീച്ചർ ആ സ്വപ്നം നിറവേറ്റിയിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനുള്ള ശാന്തകുമാരി ടീച്ചറുടെ പ്രത്യേക കഴിവും താൽപര്യവും ഏറെ പ്രശംസ നേടിയിരുന്നു.
എന്നും കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടായിരുന്നെങ്കിലും ഒരിക്കലും പാർട്ടി സ്ഥാനങ്ങൾ ഏറ്റെടുത്തിട്ടില്ല. പാർട്ടി സ്ഥാനങ്ങൾ ഇല്ലാതിരുന്നിട്ടും ഇക്കാലമത്രയും പഞ്ചായത്തിലെ ഏതൊരു തീരുമാനങ്ങളിലും ശാന്തകുമാരി ടീച്ചറുടെ അംഗീകാരവും ആശയവും മുന്നിട്ടുനിന്നിരുന്നു. പഞ്ചായത്തിന് വിട്ടുകിട്ടിയ നിരവധി സ്ഥാപനങ്ങളുടെ നിർമ്മാണത്തിനും നേതൃത്വം നൽകിയത് ടീച്ചറായിരുന്നു. കുഴൂർ ഗ്രാമപഞ്ചായത്ത് ഭരണം എന്നും കോൺഗ്രസിനൊപ്പം നിറുത്തുന്നതിൽ പി. ശാന്തകുമാരിയുടെ സേവനം തുണയായി. അതേസമയം എല്ലാ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിനും പൊതു സ്വീകാര്യയായിരുന്നുവെന്നതും ടീച്ചറെ സാധാരണ പൊതുപ്രവർത്തകരിൽ നിന്ന് വ്യത്യസ്തയാക്കുന്നു.