ചാലക്കുടി: നഗരത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭാ അധികൃതർ, ആർ.ടി.ഒ എന്നിവർക്ക് നിവേദനം നൽകി. ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ അടച്ചിട്ടിരിക്കുന്ന ദേശീയപാത മുനിസിപ്പൽ ജംഗ്ഷനിലെ പ്രവേശന കവാടം തുറന്നു കൊടുക്കുക, ആർ.ടി.എ കമ്മിറ്റി തീരുമാന പ്രകാരം സ്വാകാര്യ ബസുകൾ സർവീസ് നടത്തുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷൻ ഉന്നയിച്ചത്. ഇക്കാര്യം ഉന്നയിച്ച് മുനിസിപ്പൽ ജംഗ്ഷനിൽ പ്രതിഷേധവും സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത് അദ്ധ്യക്ഷനായി. വ്യാപാരി സമിതി പ്രസിഡന്റ് സി.കെ. വിൻസെന്റ്, ജനറൽ സെക്രട്ടറി റെയ്‌സൻ ആലുക്ക, ബിജു മാളക്കാരൻ, എൻ.എ. ഗോവിന്ദൻകുട്ടി എന്നിവർ പ്രസംഗിച്ചു.