ചാവക്കാട്: ആഗോള ലഹരി വിരുദ്ധ ദിനത്തിൽ കടപ്പുറം ഗവ. വി.എച്ച്.എസ് സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റും ചാവക്കാട് എക്‌സൈസും ചേർന്ന് വ്യത്യസ്ഥമായ ചടങ്ങ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ കാമ്പയിനൊപ്പം പ്രമുഖ പഞ്ചഗുസ്തി താരങ്ങളെ പങ്കെടുപ്പിച്ച് പഞ്ചഗുസ്തി മത്സരം നടത്തിയാണ് ശ്രദ്ധേയമായത്. കടപ്പുറം ഗവ. വി.എച്ച്.എസ് സ്‌കൂളിൽ നടന്ന ചടങ്ങ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി.എം. മുജീബ് അദ്ധ്യക്ഷനായി. വാടാനപ്പിള്ളി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നിസാമുദ്ദീൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീറുമായി പഞ്ചഗുസ്തി പിടിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചഗുസ്തി നാഷണൽ ചാമ്പ്യൻ ഇസ്മായിൽ തറയിൽ, റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ ടി.പി. രാജൻ, എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി. ബാബു എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ദീൻ മുഖ്യ അതിഥിയായി. എക്‌സൈസ് ഓഫീസർ രഞ്ചിത്ത് കായികാവതരണം നടത്തി.
കടപ്പുറം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം. മനാഫ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജെസ്സി, ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ടി.എം. മുബാറക്ക്, ഗവ. വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ജസീല, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജ്യോതി തമ്പി തുടങ്ങിയവർ സംസാരിച്ചു.