parameswaran
പരമേശ്വരൻ

മാള: പഴൂക്കരയിൽ വീട്ടിൽ ഉറങ്ങിക്കിടന്നപ്പോൾ ഇരുമ്പുവടി കൊണ്ട് ഭാര്യ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് മരിച്ചു. ആവീട്ടിൽ പരമേശ്വരനാണ് (60) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ രമണി മാനസിക രോഗിയാണെന്നും അവർ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.

മകൾ പ്രീതിക്കും കുട്ടിക്കുമൊപ്പം കിടന്നുറങ്ങിയിരുന്ന രമണി അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന പരമേശ്വരനെ ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. വീടിന്റെ അകത്ത് സൂക്ഷിച്ചിരുന്ന ആയുധമാണ് ഉപയോഗിച്ചത്. രമണി മാനസിക രോഗത്തിന് ദീർഘനാളായി ചികിത്സയിലാണ്. ഭർത്താവിനെ കൊലപ്പെടുത്താനുള്ള സാഹചര്യമോ മറ്റ് കാരണങ്ങളോ വ്യക്തമല്ല. രമണി പൊലീസ് നിരീക്ഷണത്തിൽ വീട്ടിൽ തന്നെയുണ്ട്. ചികിത്സയിൽ കഴിയുമ്പോൾ സഹോദരിയുടെ വീട്ടിൽ താമസിച്ചിരുന്ന രമണിയെ ഏതാനും ദിവസം മുമ്പാണ് പരമേശ്വരൻ കൂട്ടിക്കൊണ്ടുവന്നത്.

ഭാര്യയെ കാണാനുള്ള ആഗ്രഹത്തിലാണ് തിരികെ കൊണ്ടുവന്നത്. പിന്നീട് ഏതാനും നാളായി മരുന്ന് കഴിക്കാത്തതിനെ തുടർന്ന് മാനസിക രോഗം കൂടുതൽ വഷളാവുകയായിരുന്നു. സംഭവത്തിൽ മാള പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ രമണിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ പൊലീസിനെയും ആശങ്കപ്പെടുത്തുന്നതാണ്. തുടർ നടപടികൾ സംബന്ധിച്ച് ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. മൃതദേഹം ഇന്ന് സംസ്കരിക്കും. മക്കൾ: പ്രീതി, പ്രതീഷ്. മരുമക്കൾ: രാഗേഷ്, മഞ്ജു...