കൊടുങ്ങല്ലൂർ: വിനോദ സഞ്ചാരത്തിനെത്തി മടങ്ങിപ്പോകാതെ ഒളിവിൽ കഴിഞ്ഞ അമേരിക്കക്കാരിയെ കണ്ടെത്തി തിരികെ നാട്ടിലെത്തിച്ചതിന് ഫോർട്ട് കൊച്ചി ടൂറിസം പൊലീസ് എസ്.ഐ ആയിരുന്ന കൊടുങ്ങല്ലൂർ എറിയാട് സ്വദേശി വി.ബി റഷീദിനും, ഭാര്യ ഫസീലത്തിനും അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം. ജൂലായ് മൂന്നിന് അമേരിക്കൻ കോൺസുലേറ്റ് ചെന്നൈയിൽ ഒരുക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ക്ഷണം ലഭിച്ചത്. 2018 ഡിസംബർ മാസത്തിലാണ് യു.എസ് സ്വദേശിനി ഇന്ത്യയിലെത്തി മുങ്ങിയത്. ചെന്നൈയിൽ നിന്നും കാണാതായ യുവതിയെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വി.ബി റഷീദിന്റെ നേതൃത്വത്തിൽ ടൂറിസം പൊലീസ് കണ്ടെത്തി മടക്കിയത്. ഇതിന്റെ പേരിൽ എസ്.ഐ വി.ബി റഷീദിന് അമേരിക്കൻ കോൺസുലേറ്റ് അഭിനന്ദന സന്ദേശമയച്ചിരുന്നു.