തൃശൂർ : സംസ്ഥാനത്തെ ആദ്യ ആറുവരി പാതയായ ദേശീയപാത 544 ന്റെ നിർമ്മാണം എൺപത്തിമൂന്ന് ശതമാനം പൂർത്തിയായെന്നും ശേഷിക്കുന്ന പ്രവർത്തനങ്ങൾ അടുത്ത വർഷം മേയ് മാസത്തോടെ പൂർത്തിയാകുമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. നിലവിൽ വടക്കാഞ്ചേരി മുതൽ തൃശൂർ വരെയുള്ള ഭാഗമാണ് പൂർത്തിയാവാതെ കിടക്കുന്നത്. കുതിരാൻ തുരങ്ക നിർമ്മാണം സ്ഥലമെടുപ്പിലും വനം, വന്യ ജീവി നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിലും ഉണ്ടായ കാലതാമസം മൂലമാണ് നിർമ്മാണ പ്രവർത്തനം വൈകിയത്. കഴിഞ്ഞ മേയ് മുതൽ നിർമ്മാണ പ്രവർത്തനം നടക്കുന്നില്ല. നിർമ്മാണം പുനരാരംഭിക്കുന്നതിനുള്ള പണലഭ്യത ഉറപ്പു വരുത്തുന്നതിന് കരാറുകാർ തന്നെ ആവശ്യമായ നടപടി സ്വീകരിച്ചതായും ടി .എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 2012 സെപ്തംബറിലാണ് ദേശീയ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ഇത് ഒഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുള്ളതായും നിർമ്മാണ കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായ സാമ്പത്തിക പ്രയാസങ്ങളും സ്ഥലമെടുപ്പിലെ കാലതാമസവുമാണ് പ്രവർത്തനം വൈകാനുണ്ടായ കാരണമെന്നും മന്ത്രി അറിയിച്ചു.