babu-narayanan

തൃശൂർ: നർമ്മത്തിൽ ചാലിച്ച കുടുംബകഥകളിലൂടെ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ ബാബു നാരായണൻ (59) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 6.45നായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായി ഏറെ നാളായി ബംഗളൂരുവിലും തൃശൂരിലും ചികിത്സയിലായിരുന്നു. 30 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകൻ അനിലുമായി ചേർന്ന് 'അനിൽ ബാബു' എന്ന പേരിൽ 25 ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 2004ൽ 'പറയാം' എന്ന ചിത്രത്തിനുശേഷം സംവിധാനത്തിൽ നിന്ന് വിട്ടുനിന്നു. മംമ്ത മോഹൻദാസ്, കനിഹ, മുകേഷ് എന്നിവർ അഭിനയിച്ച 'ടു നൂറ വിത്ത് ലവ്' എന്ന ചിത്രത്തിലൂടെ 2013ൽ തിരിച്ചെത്തി. ഹരിഹരന്റെ സംവിധാന സഹായിയായാണ്‌ സിനിമയിലെത്തിയത്. ആദ്യ സിനിമ 'അനഘ'. പിന്നീട് 'പൊന്നരഞ്ഞാണം' സംവിധാനം ചെയ്തു. അതിനുശേഷമാണ് അനിലുമായി ചേർന്നത്. 1992ൽ മാന്ത്രികചെപ്പിലൂടെ അനിൽ ബാബു സംവിധായക ജോഡി അരങ്ങേറ്റം കുറിച്ചു. ജഗദീഷ് നായകനായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ അനിൽ ബാബു ജോഡിക്ക്‌ തിരക്കേറി. സ്‌കൂൾ അദ്ധ്യാപിക ജ്യോതി ലക്ഷ്മിയാണ് ഭാര്യ. മക്കൾ: ചലച്ചിത്രനടി ശ്രാവണ, അസിസ്റ്റന്റ് കാമറാമാൻ ദർശൻ. സംസ്‌കാരം പാറമേക്കാവ് ശാന്തികവാടത്തിൽ നടന്നു.