തൃശൂർ: ആനചികിത്സയെന്ന വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തം സാഹസികമായി ഏറ്റെടുത്ത ഡോ. പി.ബി. ഗിരിദാസ് ഈ രംഗത്ത് മാതൃകയായി നിലകൊള്ളുകയാണെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. രണ്ടര പതിറ്റാണ്ടായി ആന ചികിത്സാ രംഗത്തെ നിറസാന്നിദ്ധ്യമായ ഡോ. പി.ബി. ഗിരിദാസിനെ കേരളകൗമുദി ആദരിക്കുന്ന പരിപാടി 'ആനത്താരയിൽ കാൽനൂറ്റാണ്ട്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആനപ്രേമികളുടെ വികാരം തൃശൂരിൽ മാത്രമല്ല, കേരത്തിൽ മുഴുവനുമുണ്ട്. അത് വളരെ പ്രധാനമാണെന്ന് കഴിഞ്ഞ തൃശൂർ പൂരം കാണിച്ചു തന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയോടുള്ള ആനപ്രേമികളുടെ വികാരം നമ്മൾ തിരിച്ചറിഞ്ഞതാണ്. ആന എഴുന്നള്ളിപ്പ് വിഷയത്തിൽ കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. ആനകൾ കാട്ടിൽ വിഹരിക്കേണ്ടവയാണെന്ന് പറയുന്നവരുണ്ട്. പക്ഷേ, മാതംഗലീലയിലെല്ലാം പറയുന്നതുപോലെ ആനകളെ പരിചരിച്ചാൽ യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നാണ് അനുഭവങ്ങൾ പറയുന്നത്. ആനകളെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഡോ. ഗിരിദാസിനെ ആദരിക്കാൻ തൃശൂരുകാർ കാണിക്കുന്ന ഉത്സാഹമെന്നും മന്ത്രി പറഞ്ഞു. കേരളകൗമുദിയുടെ ഉപഹാരം മന്ത്രി, ഡോ.പി.ബി. ഗിരിദാസിന് സമർപ്പിച്ചു. ആന ഉടമകളടക്കമുള്ളവർ വിവിധ ഉപഹാരങ്ങൾ ഡോ. ഗിരിദാസിന് സമ്മാനിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും പൊന്നാട അണിയിച്ചു. മേയർ അജിതാ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എം.കെ. പ്രദീപ് കുമാർ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവൻകുട്ടി, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ, റിട്ട. വെറ്ററിനറി പ്രൊഫ. ഡോ. ജേക്കബ്ബ് ചീരൻ, കെ.ജി.വി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. അരുൺ, എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി. ശശികുമാർ, കേരള കൗമുദി യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ എന്നിവർ ആശംസകളർപ്പിച്ചു. കേരളകൗമുദി ബ്യൂറോ ചീഫ് പ്രഭു വാര്യർ സ്വാഗതവും ഡെസ്ക് ചീഫ് സി.ജി. സുനിൽകുമാർ നന്ദിയും പറഞ്ഞു...