ചാവക്കാട്: കനത്ത ചൂടും മഴ ലഭിക്കാത്തതും മത്സ്യക്കൂട്ടങ്ങൾ ആഴക്കടലിലേക്കു നീങ്ങുന്നു. മത്സ്യലഭ്യതയില്ലാതെ ചെറുവഞ്ചിക്കാരായ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. കടപ്പുറം മുനക്കക്കടവ്, അഞ്ചങ്ങാടി, ബ്ലാങ്ങാട് എന്നീ ഭാഗത്തു നിന്നും മത്സ്യബന്ധനത്തിനു പോകുന്ന വഞ്ചികളും, മത്സ്യത്തൊഴിലാളികളുമാണ് ദുരിതത്തിലായത്.

കടൽ വെള്ളത്തിന് ചൂട് കൂടിയതോടെ മത്സ്യക്കൂട്ടങ്ങൾ വരാതെയായെന്നും ഇവയെല്ലാം ആഴക്കടലിലേക്ക് നീങ്ങുകയാണെന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെറുവഞ്ചിക്കാർക്ക് സമൃദ്ധിയായി ലഭിക്കുന്ന ചെമ്മീന്റെ വരവ് കുറഞ്ഞതാണ് തൊഴിലാളികളെ ആശങ്കയിലാക്കിയത്. ലഭിക്കുന്ന ചെമ്മീനാകട്ടെ ചെറിയതുമാണ്. അതിനാൽ വില കിട്ടുന്നുമില്ല. മത്സ്യലഭ്യത കുറഞ്ഞിട്ട് ദിവസങ്ങളായെന്നും തൊഴിലാളികൾ പറയുന്നു.

കഴിഞ്ഞ ദിവസം എടക്കഴിയൂർ പഞ്ചവടി മേഖലകളിൽ നിന്നും മത്സ്യ ബന്ധനത്തിനിറങ്ങിയ ചെറുവഞ്ചിക്കാർക്ക് കാൽ കോടിയിലതികം രൂപയുടെ പൂവാലൻ ചെമ്മീനാണ് ലഭിച്ചത്. 25,000 രൂപ മുതൽ ഒരു ലക്ഷം രൂപയുടെ വരെ ചെമ്മീൻ ഓരോ വഞ്ചിക്കാർക്കും ലഭിച്ചു. എന്നാൽ മുനയ്ക്കക്കടവിലെ മത്സ്യത്തൊഴിലാളികൾക്ക് ഇക്കുറി വറുതി തന്നെയായിരുന്നു. എടക്കഴിയൂർ, പഞ്ചവടി മേഖലയിലെ മത്സ്യത്തൊഴിലാളികൾ ആഹ്ലാദിക്കുമ്പോൾ മുനയ്ക്കക്കടവിൽ നിരാശയായിരുന്നു ഫലം.

ട്രോളിംഗ് നിരോധനവും കടൽ ക്ഷോഭവും മത്സ്യദൗർലഭ്യവും കാരണം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ കാണുമ്പോൾ പരിതാപകരമായ കാഴ്ചയാണ് മേഖലയിലുള്ളത്. കടലിൽ ചൂടുകൂടിയതും മത്സ്യലഭ്യതയില്ലാത്തതും ശാസ്ത്രീയപഠനം നടത്തി പരിഹാരം കാണണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.

പ്രതിസന്ധിയിലായ പ്രദേശങ്ങൾ

കടപ്പുറം

മുനയ്ക്കക്കടവ്

അഞ്ചങ്ങാടി

ബ്ലാങ്ങാട്

പ്രതിസന്ധിയിങ്ങനെ

മഴ കുറഞ്ഞ് ചൂട് കൂടിയതോടെ മത്സ്യങ്ങൾ ആഴക്കടലിലേക്ക് നീങ്ങി

ചെമ്മീന്റെ വരവ് കുറഞ്ഞു, ലഭിക്കുന്നത് ചെറുതും, വില കിട്ടുന്നില്ല

ട്രോളിംഗ് നിരോധനവും കടൽക്ഷോഭവും ദുരിതം ഇരട്ടിപ്പിച്ചു

ശാസ്ത്രീയപഠനം നടത്തി പരിഹാരം കാണണമെന്ന് ആവശ്യം.

മത്സ്യലഭ്യത കുറഞ്ഞതോടെ പൊതുവിപണിയിൽ വില ഉയർന്നു