കയ്പ്പമംഗലം: കയ്പ്പമംഗലം വിജയഭാരതി സ്‌കൂളിൽ ഞാറ്റുവേല നാട്ടറിവ് മഹോത്സവം സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശോഭ സുബിൻ , എടത്തിരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി. സതീഷ്, പഞ്ചായത്തംഗം പി.എ. സജീർ, വലപ്പാട് എ.ഇ.ഒ ടി.ഡി. അനിതകുമാരി, മതിലകം ബി.പി.ഒ ടി.എസ്. സജീവൻ, കൃഷി ഓഫീസർ അനില മാത്യു, സ്‌കൂൾ മാനേജർ സോമൻ താമരകുളം എന്നിവർ സംസാരിച്ചു. ഞാറ്റുവേലയോട് അനുബന്ധിച്ച് പഴയ കാലത്തെ ഭക്ഷണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. കട്ടണ്ടി അപ്പം, ചേമ്പിൻ താള് പുഴുക്ക്, കാച്ചിൽ പുഴുക്ക്, മഞ്ഞൾ ഹൽവ, കപ്പയും മീൻ കറിയും, മുളയരി പായസം, ചക്ക പുഴുക്ക്, ചക്ക പ്രഥമൻ, ചക്കക്കുരു കിണ്ണത്തപ്പം, കിണ്ണത്തപ്പം അരിയുണ്ട, കറുകലയപ്പം, കൊള്ളിപുട്ട്, കർക്കിടക കഞ്ഞി തുടങ്ങിയവ പ്രദർശനത്തിലുണ്ടായിരുന്നു. പഴയകാല നാടൻ പാട്ടുകളും ഞാറ്റുവേല പാട്ടുകളുടെ അവതരണവും നടന്നു.