പുതുക്കാട്: വയോജന സംഘടനാ പ്രവർത്തകർ തടഞ്ഞ് നോട്ടീസ് നൽകിയതിനെ തുടർന്ന് ബസ് ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് മണിക്കൂറുകൾക്കകം പിൻവലിച്ചു. വരന്തരപ്പിള്ളി, കല്ലൂർ എന്നിവിടങ്ങളിൽ നിന്നും വരുന്ന ബസുകൾക്ക് ആമ്പല്ലൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നിൽ സ്റ്റോപ് വേണമെന്ന് ആവശ്യപ്പെട്ടാണ് വയോജന സംഘടന നോട്ടീസ് നൽകിയത്.

ബസുകൾ തടഞ്ഞവരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു സ്വകാര്യ ബസ് ജീവനകാരുടെ ആവശ്യം. പണിമുടക്ക് അറിഞ്ഞെത്തിയ പുതുക്കാട് പൊലിസ് ബസ് ജീവനക്കാരുമായി സംസാരിച്ചു പ്രശ്‌നം രമ്യതയിലെത്തിച്ചു. ഇതോടെ ഒരു മണിക്കൂറിനു ശേഷം ബസുകൾ സർവീസ് പുനരാരംഭിച്ചു. ബസ് തടഞ്ഞവരുടെ പേരിൽ കേസ് എടുക്കുമെന്ന് തോന്നിയതോടെ ബസ് സ്റ്റോപ്പ് എന്ന ആവശ്യവുമായി എത്തിയവരും സ്ഥലം വിട്ടു.

വരന്തരപ്പിള്ളി, കല്ലൂർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ ഇപ്പോൾ ദേശീയപാതയിൽ ആമ്പല്ലൂർ ജംഗ്ഷനിൽ നിന്നും വടക്കോട്ട് മാറ്റിയാണ് നിറുത്തുന്നത്. ആമ്പല്ലൂരിൽ ബസിറങ്ങുന്നവർ ദേശീയപാത മുറിഞ്ഞ് കടന്ന് വേണം കിഴക്കുവശത്ത് എത്താൻ എന്ന ബുദ്ധിമുട്ടിന് പരിഹാരമായാണ് കമ്യൂണിറ്റി ഹാളിന് മുന്നിൽ ബസ് സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്.

ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് മൂലം ഇപ്പോൾ തന്നെ സമയനിഷ്ഠ പാലിക്കാൻ ബുദ്ധിമുട്ടുന്നതിനാൽ പുതിയ സ്റ്റോപ്പ് അനുവദിച്ചാൽ കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് തൊഴിലാളികളുടെ വാദം. അപ്രതീക്ഷിതമായി സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ യാത്രക്കാർ പെരുവഴിയിലായി. പല ബസുകളും സമരമാണെന്ന സന്ദേശം ലഭിച്ചതോടെ സർവീസ് നിറുത്തി യാത്രക്കാരെ ഇറക്കി വിടുകയായിരുന്നു.