തൃശൂർ : പ്രസ് ക്ലബ്ബിന്റെ മാദ്ധ്യമ പ്രവർത്തക ക്രിക്കറ്റ് ടൂർണമെന്റിൽ കേരളകൗമുദി ടീം സെമിയിലേക്ക്. കേരള കൗമുദി ടീം 11 റൺസിന് ദീപികയെ പരാജയപ്പെടുത്തുകയായിരുന്നു. ദേവമാതാ പബ്ലിക് സ്‌കൂൾ മൈതാനത്ത് സി.എം.ഐ സഭ പ്രൊവിൻഷാൽ ഫാ. വാൾട്ടർ തേലപ്പിള്ളി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ആദ്യമത്സരത്തിൽ മംഗളം, ചാനൽ ഇലവൻ ടീമിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ ടി സി വി, മീഡിയാ ഇലവനെ 8 വിക്കറ്റിനും നാലാം മത്സരത്തിൽ മാധ്യമം ടീം മലയാള മനോരമ ടീമിനെ ഏഴ് വിക്കറ്റിനും പരാജയപ്പെടുത്തി. ഇന്ന് രാവിലെ ആദ്യ സെമിയിൽ മംഗളം, ടി.സി.വിയെ നേരിടും. രണ്ടാം സെമിയിൽ കേരള കൗമുദി, മാധ്യമം ടീമുമായി ഏറ്റുമുട്ടും. തുടർന്ന് ഫൈനൽ നടക്കും. മത്സരത്തിന് ശേഷം വിജയികൾക്കുള്ള സമ്മാനദാനം മുൻ ഇന്ത്യൻ ഫുട്‌ബാൾ നായകൻ ഐ.എം വിജയൻ നിർവഹിക്കും.