തൃശൂർ: സിനിമാ സംവിധായകന്റെ ജാഡകളില്ല. എല്ലാവരെയും സ്‌നേഹിക്കുകയും മൃദുവായി സംസാരിക്കുകയും ലളിതജീവിതം നയിക്കുകയും ചെയ്ത സാത്വികൻ. സിനിമയിലെത്തിയ രണ്ട് മക്കളെയും തന്റെ നിഴലിൽ നിറുത്താതെ, അദ്ധ്വാനിച്ച് കഴിവുതെളിയിക്കണമെന്ന് പറഞ്ഞ ഒരച്ഛൻ... ലോ ബഡ്ജറ്റ് കുടുംബചിത്രങ്ങളെ, നർമ്മം കൊണ്ട് ഹിറ്റുകളാക്കിയ ബാബു നാരായണൻ അതെല്ലാമായിരുന്നു.
കലാജീവിതത്തെയും കുടുംബത്തെയും ഇഴചേർത്തായിരുന്നു ജീവിതം. നിരവധി നായികമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ലാൽ ജോസിന്റെ കണ്ടെത്തലാണ് മകൾ ശ്രവണയുടെ സിനിമാപ്രവേശനം. ലാൽ ജോസിന്റെ തട്ടുപുറത്ത് അച്യുതനിൽ ശ്രവണ നായികയായപ്പോൾ മകൻ ദർശൻ അസിസ്റ്റന്റ് കാമറാമാനായി. കൊച്ചിയിൽ ഒരു പൊതുപരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ലാൽ ജോസ്, ബാബുനാരായണന്റെ മകളെ കാണുന്നത്. ശ്രവണയുടെ നൃത്തപരിപാടി ലാൽ ജോസിന് ഇഷ്ടമായി. ആ വേദിയിൽ വെച്ചുതന്നെ ശ്രവണയ്ക്ക് അവസരം നൽകുമെന്ന് വാക്കുതന്നു. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് തട്ടിൻപുറത്ത് അച്യുതനിൽ വേഷമിട്ടത്. മക്കളുടെ കലാഭിരുചി വളർത്താൻ ആഗ്രഹിച്ച ബാബുനാരായണൻ, ശ്രവണയെ ചെറുപ്പം മുതലേ സംഗീതം അഭ്യസിപ്പിച്ചിരുന്നു. കുട്ടിക്കാലം തൊട്ടേ അച്ഛന്റെ പാതയിലായിരുന്നു ദർശൻ. സിനിമാട്ടോഗ്രഫി പഠനം പൂർത്തിയാക്കി സിനിമയിലെത്തി. തട്ടിൻപുറത്ത് അച്യുതൻ സിനിമയുടെ പൂജാദിനത്തിൽ ഭാര്യയോടും മക്കളോടുമൊപ്പം എത്തിയ അദ്ദേഹം ഏറെ സന്തോഷവാനായിരുന്നു. പട്ടാമ്പി, അക്കിക്കാവ്, കിഴായൂർ, പെരുമ്പിലാവ്, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. മകളുടെ അഭിനയം കണ്ടും മകന്റെ കാമറാപഠനം കണ്ടും അദ്ദേഹം നിശബ്ദനായി ലൊക്കേഷനിലിരുന്നു. സാധാരണ ടെക്‌നീഷ്യന്മാരോട് പോലും ബഹുമാനത്തോടെ മാത്രം സംസാരിക്കുന്ന അപൂർവം പേരിൽ ഒരാളായിരുന്നു ബാബുനാരായണൻ. തട്ടിൻപുറത്ത് അച്യുതന്റെ കലാസംവിധാന മികവ് കണ്ട് അദ്ദേഹം കലാസംവിധായകൻ അജയ് മാങ്ങാടിനെ കാണണമെന്ന് തന്നോട് പറഞ്ഞതും അഭിനന്ദനം അറിയിച്ചതും അസോസിയേറ്റ് കലാസംവിധായകനായ അനൂപ് ചാലിശേരി ഓർത്തെടുത്തു. കോഴിക്കോടുകാരനായ ബാബുനാരായണൻ വർഷങ്ങൾക്കു മുമ്പ് തൃശൂരിലെത്തി ചെമ്പൂക്കാവിൽ സ്ഥിരതാമസമാക്കുകയായിരുന്നു.
ഹാസ്യത്തിനപ്പുറം
ഹാസ്യത്തിനപ്പുറം വളരെ ഗൗരവമുളള പ്രമേയങ്ങളുമായി ഏതാനും സിനിമകളെടുത്ത സംവിധായകനായിരുന്നു ബാബുനാരായണനെന്ന് നടൻ ഇർഷാദ് ഓർത്തെടുത്തു. പൊന്നരഞ്ഞാണം, അനഘ തുടങ്ങിയ സിനിമകൾ തന്നെ ഉദാഹരണം. എന്നാൽ അതൊന്നും വിജയം കാണാതെ പോയപ്പോഴാണ് അദ്ദേഹം കുടുംബചിത്രങ്ങളിലേയ്ക്ക് തിരിഞ്ഞത്. പുതിയ തലമുറയ്ക്ക് എന്നും അദ്ദേഹം പ്രചോദനമായിരുന്നു. ആ മുഖം ഇങ്ങനെ തനിക്കു കാണാനാവില്ലെന്ന് പറഞ്ഞാണ് അദ്ദേഹത്തിനൊപ്പം നിരവധി സിനിമകൾ ചെയ്ത സംവിധായകൻ അനിൽ സങ്കടം പങ്കിട്ടതെന്നും ഇർഷാദ് പറഞ്ഞു.
രംഗബോധമില്ലാതെ...
ജീവിതത്തിലെന്ന പോലെ ഭക്ഷണശീലങ്ങളിലും തികഞ്ഞ സാത്വികനായിരുന്നു ബാബു നാരായണൻ. മദ്യപാനമോ, പുകവലിയോ ഇല്ല. ഭക്ഷണരീതികളിൽ തന്നെ നിഷ്ഠകൾ പാലിക്കുന്ന അദ്ദേഹത്തിന് മാരകരോഗം പിടിപെട്ടതോടെ സിനിമാലോകം ഞെട്ടി. പെട്ടെന്ന് അദ്ദേഹം വിട പറഞ്ഞത് അടുത്ത സുഹൃത്തുക്കൾക്ക് ഉൾക്കൊള്ളാനാവുന്നില്ല. മരണം അദ്ദേഹത്തെ തട്ടിയെടുക്കുകയായിരുന്നു, രംഗബോധമില്ലാത്ത കോമാളിയായി...