ചാലക്കുടി: ദേശീയ പാതയിലെ മുനിസിപ്പൽ ജംഗ്ഷനിൽ അടച്ചിട്ട ചാലക്കുടി - മാള റൂട്ടിലേക്കുള്ള പ്രവേശനം കവാടം തുറക്കുന്നു. സിഗ്‌നൽ സംവിധാനത്തോടെ ഒരാഴ്ചക്കകം പഴയനില പ്രാവർത്തികമാക്കാൻ ഇന്നലെ സ്ഥലം സന്ദർശിച്ച ദേശീയപാത അതോറിറ്റിയുടെയും നിർമ്മാണ കമ്പനിയുടെയും ഉദ്യോഗസ്ഥർ ചേർന്ന് തീരുമാനിച്ചു.
മഴക്കാലത്തിന് ശേഷമേ അടിപ്പാതയുടെ പ്രധാന പ്രവൃത്തികൾ ഉണ്ടാകുകയുള്ളൂ. ഇതോടെ വിവാദമായ കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം അനന്തമായി നീളുമെന്ന് ഉറപ്പായി. സിഗ്‌നൽ സംവിധാനം പുനരാരംഭിക്കുന്നതിന് മുനിസിപ്പൽ ജംഗ്ഷനിൽ വീണ്ടും പുതിയ ക്രമീകരണം കൊണ്ടുവരും. ഇവിടെ വച്ച് വാഹനങ്ങൾ തിരിച്ചുവിടുന്ന സംവിധാനം 50 മീറ്റർ കൂടി വടക്കോട്ട് മാറ്റും.
നിർമ്മാണക്കമ്പനിയുടെ ആവശ്യപ്രകാരം അവർക്ക് ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതിനാണ് മുനിസിപ്പൽ ജംഗ്ഷനിൽ വച്ച് വാഹനങ്ങൾ തിരിച്ചു വിട്ട് കൂടുതൽ സ്ഥലം നൽകിയത്. ഇപ്പോൾ ഈ സ്ഥലം കൂടി ഗതാഗതത്തിന് വിട്ടുനൽകുമ്പോൾ നിർമ്മാണം അടുത്തൊന്നും കാര്യക്ഷമമാകില്ലെന്ന് നാട്ടുകാർ സംശയിക്കുന്നു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, കൗൺസിലർമാരായ വി.ജെ. ജോജി, കെ.എം. ഹരിനാരായണൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ഒളിച്ചുകളി തുടരുന്നു
ചാലക്കുടി കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണത്തിന്റ പേരിൽ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയും കെ.എം.സിയും നടത്തുന്ന ഒളിച്ചുകളി ഇപ്പോഴും തുടരുന്നു. നിർമ്മാണത്തിന് മുൻകൂറായി എൻ.എച്ച്.ഐ നൽകിയ മൂന്നുകോടി രൂപയുടെ സിംഹഭാഗവും ഇപ്പോൾ കെ.എം.സിയുടെ പക്കലാണ്. ഇതിൽ എൺപത് ലക്ഷത്തോളം രൂപ മാത്രമാണ് കരാർ ഏറ്റെടുത്ത ഏജൻസികൾക്ക് അവർ നൽകിയത്.
ആദ്യം മറ്റേതോ ഏജൻസിയാണ് പ്രവൃത്തി നടത്തിയതത്രെ. അവർ പദ്ധതി വിട്ടുപോയതോടെ മൂന്നുമാസം മുമ്പാണ് എറണാകുളത്തെ യൂണിക് ആൻഡ് ഭാരതീയ ഏജൻസി നിർമ്മാണം ഏറ്റെടുത്തത്. ഇതിൽ ഏത് ഏജൻസിയാണ് പണം കൈപ്പറ്റിയതെന്ന് വ്യക്തമല്ല. ബാക്കി പണം മുഴുവൻ കെ.എം.സിയുടെ പക്കലാണ്. ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് ഉറപ്പ് പറഞ്ഞ് യൂണിക് ആൻഡ് ഭാരതീയ കമ്പനി കരാർ ഏറ്റെടുക്കുമ്പോൾ അവരും കെ.എം.സിയുടെ ഉപ ഏജൻസികളാണെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല.
മഴക്കാലത്തിന് ശേഷമേ പ്രധാന പ്രവൃത്തികൾ ആരംഭിക്കുകയുള്ളൂവെന്ന ഉറപ്പിൽ മറ്റൊരു കള്ളക്കളിയുടെ സ്വരവും ഉയരുന്നു. മുനിസിപ്പൽ ജംഗ്ഷനിൽ മാള റോഡിലേക്ക് വാഹനങ്ങൾക്കും യാത്രക്കാർക്കും മുറിഞ്ഞു കടക്കാൻ വീണ്ടും പഴയതുപോലെ സൗകര്യം വരുമ്പോൾ ഇതേച്ചൊല്ലി ഇപ്പോൾ ചാലക്കുടിയിൽ നടക്കുന്ന കോലാഹലങ്ങൾ കെട്ടടങ്ങും. ഇതോടെ അടിപ്പാതയെന്ന ആവശ്യത്തിന് ശക്തി കുറയും. രാഷ്ട്രീയ പാർട്ടികൾ ഇനി അടുത്ത തിരഞ്ഞെടുപ്പ് വേളയിലാകും ഈ വിഷയത്തിൽ ബോധവാന്മാരാകുന്നത്.