ചാലക്കുടി: മലക്കപ്പാറയിൽ മലക്കപ്പാറ ഡാം റിസോർട്ട് എന്ന സ്ഥാപനത്തിലേക്ക് കൊണ്ടുപോയിരുന്ന ഗ്യാസ് സിലിണ്ടർ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ തടഞ്ഞു. പിന്നീട് സ്‌ഫോടക വസ്തുവല്ലെന്ന് എഴുതിവാങ്ങിയശേഷം വിട്ടയച്ചു. ചെക്ക് പോസ്റ്റിൽ വന്നപ്പോഴായിരുന്നു സംഭവം. ആദ്യം ഗ്യാസ് സിലിണ്ടർ സ്‌ഫോടകവസ്തുവാണെന്ന് നിലപടെടുത്ത ഉദ്യോഗസ്ഥർ പിന്നീട് എഴുതി നൽകിയാൽ വിടാമെന്ന് പറഞ്ഞത്രെ. ഡി.എഫ്.ഒ പറഞ്ഞതിന് ശേഷം ഗ്യാസ് സ്‌ഫോടകവസ്തുവല്ലെന്ന് എഴുതിനൽകിയ ശേഷമാണ് വിട്ടത്. റിസോർട്ടിൽ സ്വന്തം ആവശ്യത്തിന് കൊണ്ടുപോയതാണ്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറായിരുന്നു. വാഴച്ചാൽ ചെക്ക് പോസ്റ്റിലാണ് ഇന്നലെ രാവിലെ പത്തിന് സംഭവം ഉണ്ടായത്. സാധാരണ എല്ലാ യാത്രക്കാർക്ക് പോലും ചെക്ക് പോസ്റ്റ് പരിശോധന ശാപമായി മാറുന്നുണ്ടെന്നാണ് ആക്ഷേപം. സർക്കാർ തലത്തിൽ ഇല്ലാത്ത നടപടികളാണ് ഇവിടെ നടക്കുന്നതെന്നാണ് യാത്രക്കാരുടെ പരാതി.