കൊടുങ്ങല്ലൂർ: നഗരത്തിൽ വടക്കെ നടയിലുള്ള വഴിയോര കച്ചവടക്കരെ അവിടെ നിന്ന് മാറ്റി, കാവിൽക്കടവിലുള്ള മാർക്കറ്റ് കോംപ്ലക്സ് പരിസരത്തേക്ക് പുനരധിവസിപ്പിക്കുന്നതിന് ധാരണയായി. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ വിളിച്ചു ചേർത്ത വഴിയോര കച്ചവടക്കാരുടെ യോഗത്തിലാണ് തീരുമാനം. സിവിൽ സ്റ്റേഷന്റെയും ഗവ.ഗേൾസ് ഹൈസ്കൂളിന്റെയും മുൻവശത്ത് പ്രവർത്തിക്കുന്ന 14 കച്ചവടക്കാരെയാണ് ആദ്യഘട്ടത്തിൽ മാറ്റുന്നത്.
നേരത്തെ നഗരസഭ കൗൺസിലും പിന്നീട് തെരുവ് കച്ചവടക്കാരുടെ കമ്മിറ്റിയും ഈ കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. തുടർന്നാണ് കച്ചവടക്കാരുടെ യോഗം ചെയർമാൻ വിളിച്ചു ചേർത്തത്. ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നതിന് ദേശീയപാത അധികൃതർ നോട്ടീസ് നൽകിയതിനെ തുടർന്ന്, നഗരസഭയിൽ നിന്ന് രജിസ്ട്രേഷൻ കാർഡ് കിട്ടിയ 14 കച്ചവടക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ ഹർജിയിൽ കച്ചവടക്കാർ അവിടെ നിന്നും മാറണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചെങ്കിലും കച്ചവടക്കാരെ ഒഴിപ്പിച്ചു വിടുന്നതിന് പകരം പുനരധിവസിപ്പിക്കണം എന്ന തെരുവുകച്ചവട നിയമത്തിലെ വ്യവസ്ഥ പാലിക്കുവാൻ നഗരസഭയോട് ആവശ്യപ്പെടുകയാണുണ്ടായത്. ഓണം കഴിഞ്ഞ് സെപ്റ്റം: 15ന് മുൻപായി വടക്കെ നടയിൽ നിന്ന് കാവിൽക്കടവിലേയ്ക്ക് ഇവരെ മാറ്റുവാനാണ് തീരുമാനം. കാവിൽക്കടവിലേക്ക് മാറ്റുന്ന കച്ചവടക്കാർക്ക് കച്ചവടത്തിന് നിശ്ചിത സ്ഥലം നൽകുന്നത് കൂടാതെ ഒരു ബങ്ക് കൂടി നിർമ്മിച്ചു കൊടുക്കുമെന്ന് ചെയർമാൻ പറഞ്ഞു. മാർക്കറ്റ് കോംപ്ലക്സിന് സമീപത്തേയ്ക്ക് ജനങ്ങളെ ആകർഷിക്കുവാനും കച്ചവടം വർദ്ധിപ്പിക്കുന്നതിനും എല്ലാ സഹായവും നഗരസഭ നൽകും. ചുരുങ്ങിയ സ്ഥലപരിധിയിൽ ഏകീകൃത രൂപത്തിൽ കച്ചവടക്കാർക്കുള്ള പശ്ചാത്തല സൗകര്യം നഗരസഭ ഒരുക്കും. അതേ സമയം വടക്കെ നടയിൽ പ്രവർത്തിക്കുന്ന കാർഡ് ലഭിക്കാത്ത തെരുവ് കച്ചവടക്കാരെയും അവിടെ നിന്ന് ഒഴിപ്പിക്കുന്നതാണ്.
നഗരത്തിൽ പുതിയതായി തെരുവ് കച്ചവടക്കാരെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചെയർമാൻ കുട്ടിച്ചേർത്തു. യോഗത്തിൽ ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്, നഗര ഉപജീവന മിഷൻ മാനേജർ മിനി ആന്റണി, ഹെൽത്ത് സൂപ്പർവൈസർ കെ.വി. ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.