തൃശൂർ: കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലേക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഒഡീഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഏജന്റിനെ അറസ്റ്റ് ചെയ്തു. ഒഡീഷ മണംഗ്‌ളു ജഗന്ധാർ ഷെബാറിന്റെ മകൻ നബേന്ദ്ര ഷബാറാണ്(26) അറസ്റ്റിലായത്. കുട്ടികളെ കൊണ്ടുപോകാനെത്തിയ ഇരിങ്ങാലക്കുട, ആലുവ എന്നിവിടങ്ങളിലെ കന്യാസ്ത്രീകളെ കേസിൽ നിന്നൊഴിവാക്കി.
ഹൈദരാബാദ്-കൊല്ലം ട്രെയിനിൽ ആറു പെൺകുട്ടികളെ കോട്ടയത്തെ രണ്ടു കോൺവെന്റിലേക്ക് കടത്തിയ സംഭവത്തിലാണ് നബേന്ദ്ര ഷെബാറിനെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മുമ്പും ഇയാൾ കേരളത്തിലേക്ക് കടത്തിയിരുന്നതായി പൊലീസിനോട് സമ്മതിച്ചു. ഇയാൾക്കൊപ്പം ട്രെയിനിൽ നിന്ന് പിടികൂടിയ രണ്ടുപേരെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടുതവണകളിലായി മൂന്ന് കന്യാസ്ത്രീകളിൽ നിന്ന് മൂന്ന് പെൺകുട്ടികളെയും കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ രക്ഷപ്പെടുത്തിയിരുന്നു. കന്യാസ്ത്രീകളിൽ നിന്ന് കുട്ടികളെ കണ്ടെത്തിയ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് സംഭവം ഒതുക്കുകയായിരുന്നുവെന്ന് സൂചനയുണ്ട്.