pinarayi-vijayan

തൃശൂർ: പൊലീസിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ വേദനിപ്പിക്കുന്നുവെന്നും തെറ്റുചെയ്താൽ കർശന നടപടിയാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ കേരള കോസ്റ്റൽ പൊലീസ് വാർഡന്മാരുടെ ആദ്യ ബാച്ച് പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

പൊലീസിലെ ഒറ്റപ്പെട്ട വീഴ്ചകൾ യാദൃച്ഛികമെന്നു പറഞ്ഞ് സർക്കാരിന് മാറിനിൽക്കാനാകില്ല. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ പല മേഖലയിലും സംഭവിച്ചിട്ടുണ്ടാകാം. അത് പൊലീസിൽ സംഭവിക്കരുത്. വ്യത്യസ്ത വ്യക്തിത്വമുള്ള ആയിരക്കണക്കിനു പേരുള്ള സേനയിൽ ചില പ്രത്യേക മാനസികാവസ്ഥയുള്ളവർ ഉണ്ടായേക്കാം. ഇത്തരക്കാർക്ക് അവരുടെ മാനസികാവസ്ഥ അതുപോലെ പ്രകടിപ്പിക്കാൻ കഴിയുന്ന സാഹചര്യം പൊലീസിൽ പാടില്ല.

അത്തരം ആളുകൾ ഒറ്റയാൾ പട്ടാളമല്ല. അവർക്കു മീതെ അതിലും വലിയ ആളുകളുണ്ട്. കീഴെയുമുണ്ടാകാം. . നിയന്ത്രണങ്ങൾക്കു വിധേയമായി മാത്രമേ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാനാവൂ. കാര്യക്ഷമമായി ഡ്യൂട്ടി ചെയ്യുമ്പോൾ തെറ്റായ പ്രചാരണങ്ങളും ചില കുറ്റപ്പെടുത്തലുകളും ഉണ്ടായെന്നു വരും. ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ക്രൂശിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സർക്കാർ സ്വീകരിക്കില്ല. എന്നാൽ, തെറ്റു ചെയ്യുന്നവരോട് അങ്ങനെയല്ല. ഈ പൊതുബോധം കൃത്യനിർവഹണത്തിൽ ഉണ്ടാകണം- മുഖ്യമന്ത്രി പറഞ്ഞു. പീരുമേട് കസ്റ്റഡി മരണം ഉൾപ്പെടെയുള്ള സംഭവങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. പരിശീലന കാലത്തെ മികവിന് ബെസ്റ്റ് ഔട്ട്‌ഡോറും ഓൾറൗണ്ടറുമായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂർ എടക്കാട് സ്വദേശി സകേന്ദ്. കെ, ബെസ്റ്റ് ഇൻഡോർ കണ്ണൂർ രാമന്തളി സ്വദേശി വില്യം ചാൾസൺ, തിരുവനന്തപുരം പൊഴിയൂർ സ്വദേശിനി ജി. ഷീബ എന്നിവർക്ക് മുഖ്യമന്ത്രി പ്രത്യേക അവാർഡുകൾ നൽകി. സേനാംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്ലോ മാർച്ചും ക്വിക് മാർച്ചും നടന്നു.