തൃശൂർ: പൂരത്തിന്റെ തെക്കോട്ടിറക്കം പോലെ പ്രൗഢഗംഭീരമായി, ഉജ്ജ്വലമായ തലപ്പൊക്കത്തോടെ എഴുപത് വയസിന്റെ വെട്ടിത്തിളക്കത്തിലാണ് തൃശൂർ. കേരളത്തിന് മുന്നിൽ സാംസ്‌കാരിക പ്രകാശ ദീപ്തി. 1949 ജൂലായ് 1. അന്നായിരുന്നു ഈ ജില്ല പിറന്നുവീണത്. മുൻ കൊച്ചി സംസ്ഥാനത്തിലെ തലപ്പിള്ളി, ചിറ്റൂർ, തൃശൂർ, മുകുന്ദപുരം, കൊടുങ്ങല്ലൂർ, കണയന്നൂർ താലൂക്കുകളും തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കുന്നത്തുനാട്, പറവൂർ താലൂക്കുകളും അന്ന് ഉൾപ്പെട്ടിരുന്നു ഈ 'പൂരങ്ങളുടെ നാട്ടിൽ'. 'തൃശ്ശിവപേരൂർ' എന്ന പൂർണ്ണനാമമാണ് 'തൃശൂർ' എന്ന ചുരുക്കെഴുത്തായത്. ശക്തൻ തമ്പുരാന്റെ ഭരണകാലത്തായിരുന്നു തൃശൂർ നഗരം വികസനത്തിലേക്കും പ്രശസ്തിയിലേക്കും ഉയരുന്നത്. താരതമ്യേന ഉയർന്ന പ്രദേശത്തിന് ചുറ്റുമായി ഒരു നഗരം. അവിടുത്തെ കാട് വെട്ടിത്തെളിച്ച് ശക്തൻ തമ്പുരാൻ നഗരവികസനത്തിന് വഴിയൊരുക്കി.
കേരളം പിറന്നതോടെ ജില്ലയുടെ അതിർത്തികൾ പുനർനിർണയിക്കപ്പെട്ടു. വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്ന തൃശൂർ പൂരത്തിന് തുടക്കം കുറിച്ചത് ശക്തനായിരുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിന്ന പ്രദേശങ്ങളിലൊന്നായിരുന്നു തൃശൂർ. കൂടുതൽ പോസ്റ്റ് ഓഫീസുകളും റവന്യൂ വില്ലേജുകളും ബ്ലോക്ക് പഞ്ചായത്തുകളും സ്വർണാഭരണ നിർമ്മാണശാലകളുമുള്ള ജില്ല. ഇന്ത്യയിൽ ആനകൾക്കായി ആദ്യ ആശുപത്രി, കേരളത്തിലെ ആദ്യ കലാക്ഷേത്രമായ കലാമണ്ഡലം, കേരളത്തിലെ ആദ്യ കോഫിഹൗസ്...അങ്ങനെ എത്രയെത്ര തൃശൂർപെരുമകൾ. സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി, ലളിത കലാ അക്കാഡമി ആസ്ഥാനങ്ങൾ തൃശൂരിലാണ്. സ്‌കൂൾ ഒഫ് ഡ്രാമ, കില, കാർഷിക സർവകലാശാല, കേരള യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസസ്, ഗവ. കോളജ് ഒഫ് ഫൈൻ ആർട്‌സ്, ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാര്യർ സ്മാരക കലാനിലയം, അപ്പൻതമ്പുരാൻ സ്മാരകം, കേരള പൊലീസ് അക്കാഡമി, പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം, കണ്ണാറയിലെ ബനാന റിസർച്ച് സ്റ്റേഷൻ, പൂത്തോളിലെ സ്റ്റേറ്റ് എക്‌സൈസ് അക്കാഡമി ആൻഡ് റിസർച്ച് സെന്റർ, കോസ്റ്റ്‌ഫോഡ്, മാടക്കത്തറ കശുമാങ്ങ ഗവേഷണകേന്ദ്രം, ചെറുതുരുത്തിയിലെ നാഷനൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഫോർ പഞ്ചകർമ്മ...രാജ്യത്തിന് മുന്നിൽ അഭിമാനങ്ങളായി നിരവധിസ്ഥാപനങ്ങൾ.

ഉത്സവനാട്

തൃശൂർ പൂരം, രാജ്യത്തെ വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരിലെ ഏകാദശി, ഉത്സവം, കൊടുങ്ങല്ലൂർ ഭരണി, ഏറ്റവും പഴക്കമേറിയ ആറാട്ടുപുഴ പൂരം, ഉത്രാളിക്കാവ് പൂരം, പെരുവനം പൂരം, മച്ചാട് മാമാങ്കം, കൂടൽമാണിക്യം ക്ഷേത്രോത്സവം തുടങ്ങി പാവറട്ടിപളളി പെരുന്നാളും പാലയൂർ തീർത്ഥാടനവും ചന്ദനക്കുടം നേർച്ചയും വരെ നീളുന്ന ഉത്സവലോകം. നാലമ്പല ദർശനത്തിൽ ഉൾക്കൊള്ളുന്ന നാല് ക്ഷേത്രങ്ങളിൽ മൂന്നെണ്ണം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, പായമ്മൽ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശൂരിലാണ്. മൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴലും ഇക്കൂട്ടത്തിലുണ്ട്.

സുന്ദരഭൂമി

ഇന്ത്യയിലെ തന്നെ മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ അതിരപ്പള്ളി, വാഴച്ചാൽ, രാജ്യത്തെ പഴക്കം ചെന്ന മൃഗശാലകളിലൊന്നായ തൃശൂർ മൃഗശാല, ശക്തൻതമ്പുരാൻ കൊട്ടാരം, വിലങ്ങൻകുന്ന്, ചിമ്മിനി, പീച്ചി, പെരിങ്ങൽക്കൂത്ത് , വാഴാനി, പൂമല ഡാമുകൾ, ചാവക്കാട് , സ്‌നേഹതീരം, മുനക്കൽ കടൽത്തീരങ്ങൾ, പുന്നത്തൂർ കോട്ട ആനത്താവളം... അങ്ങനെ സഞ്ചാരികൾക്ക് കാണാനേറെയുണ്ടിവിടെ.

പ്രഗത്ഭർ

മുൻ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും വൈലോപ്പിള്ളിയുടെയും സുകുമാർ അഴീക്കോടിന്റെയും തട്ടകം
ആദ്യ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി
കൊച്ചി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ
കേരള വ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ഇക്കണ്ടവാര്യർ, മുഹമ്മദ് അബ്ദുൾ റഹിമാൻ, ബാലാമണിയമ്മ, എൻ.വി കൃഷ്ണവാര്യർ, പുത്തേഴത്ത് രാമൻ മേനോൻ, പി. ഭാസ്‌കരൻ, പ്രൊഫ. എം.എൻ. വിജയൻ, കോവിലൻ, കുഞ്ഞുണ്ണിമാഷ്, വിലാസിനി, വി.കെ.എൻ, സി.വി. ശ്രീരാമൻ, മാധവിക്കുട്ടി എന്ന കമല സുരയ്യ, അമ്മന്നൂർ മാധവചാക്യാർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം ഹൈദരാലി, രാമുകാര്യാട്ട്, ഭരതൻ, യൂസഫലി കേച്ചേരി, സാറാ ജോസഫ് തുടങ്ങി നിരവധി പേർ