pinarayi

തൃശൂർ: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപെട്ട തിരഞ്ഞെടുത്തവർക്ക് കോസ്റ്റൽ പൊലീസ് വാർഡൻമാരായി പ്രത്യേക നിയമനം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമനത്തിന് ഒരു വർഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. അർപ്പണ ബോധത്തോടെ ഡ്യൂട്ടി നിർവഹിച്ചാൽ, സംസ്ഥാനവും സർക്കാരും കൈയൊഴിയില്ല. 200 പേരെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചതിൽ 23 പേരുടെ കുറവുള്ളത് പെട്ടെന്നു തന്നെ നികത്താൻ നടപടി സ്വീകരിക്കും. കടലിലെ രക്ഷാപ്രവർത്തനത്തിന് പുറമേ അതിർത്തി രക്ഷ കൂടി കോസ്റ്റൽ പൊലീസിന്റെ ചുമതലയാണ്. സംശയാസ്പദമായ ബോട്ടുകളുടെ പരിശോധന, കടൽ പട്രോളിംഗ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനം സേനയ്ക്ക് നൽകി.

ബ്രിട്ടീഷുകാരുടെ കാലത്ത് പൊലീസ് ജനങ്ങളെ ശത്രുക്കളായാണ് കണ്ടിരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വലിയ മാറ്റം ഇതിലുണ്ടായില്ല. മാറ്റത്തിന്റെ കാഹളം കേരളത്തിൽ നിന്നാണ് മുഴങ്ങിയത്. കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ് പൊലീസ് മാന്വലിൽ വരുത്തിയ പരിഷ്‌കാരം രാജ്യം ആകെ ശ്രദ്ധിച്ചതായിരുന്നു. ഇടവേളകളോടെയെങ്കിലും ആ സർക്കാരിന്റെ മാതൃക പിന്തുടർന്നുകൊണ്ട് പൊലീസിന് കൂടുതൽ മാനുഷികമായ മുഖം നൽകുന്നതിനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളതെന്നും കോസ്റ്റൽ പൊലീസ് വാർഡൻമാരുടെ പരേഡിൽ മുഖ്യമന്ത്രി പറഞ്ഞു.

നീല യൂണിഫോമണിഞ്ഞായിരുന്നു സേനാംഗങ്ങളുടെ പരേഡ്. കേരളത്തിന്റെ തീരദേശ ജില്ലകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്തവർക്കാണ് കോസ്റ്റൽ പൊലീസ് വാർഡന്മാരായി ഒരു വർഷത്തേക്ക് നേരിട്ട് നിയമനം നൽകിയത്. നാലുമാസത്തെ തീവ്രപരിശീലന കാലയളവിൽ കോസ്റ്റ് ഗാർഡിന്റെ കീഴിലെ കടലിലെ ബോൾ ബാലൻസിംഗ്, ചെസ്റ്റ് ക്യാരിയിംഗ്, കടലിലെ അതിജീവന സങ്കേതങ്ങൾ എന്നിവയും നാവികസേനയുടെയും ഫയർഫോഴ്‌സിന്റെയും പരിശീലനവും പൊലീസ് സ്‌റ്റേഷനുകളിലെ പരിശീലനവും ഇവർക്ക് ലഭിച്ചു. മന്ത്രി വി.എസ്. സുനിൽ കുമാർ, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ട്രെയിനിംഗ് എ.ഡി.ജി.പി പൊലീസ് അക്കാഡമി സൂപ്രണ്ട് ഡോ. ബി. സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.