തൃശൂർ നീന്തൽക്കുള സമുച്ചയവും സ്‌പ്ളാഷ് പദ്ധതിയും ഉദ്ഘാടനം ചെയ്തു
തൃശൂർ: സംസ്ഥാന സർക്കാരിന്റെ കീഴിൽ ഈ വർഷം തൃശൂരിലും കണ്ണൂരിലുമായി രണ്ട് പുതിയ സ്‌പോർട്‌സ് മെഡിസിൻ സെന്ററുകൾ ആരംഭിക്കുമെന്ന് കായിക മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. നവീകരിച്ച നീന്തൽക്കുള സമുച്ചയത്തിന്റെ ഉദ്ഘാടനവും സ്‌പ്ളാഷ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അക്വാട്ടിക്ക് കോംപ്ലക്‌സിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 24 സ്വിമ്മിംഗ് പൂളുകൾ ഉടൻ യാഥാർത്ഥ്യമാകും. ലാലൂരിൽ നിർമ്മിക്കുന്ന ഐ.എം. വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സ് ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കായിക വികസനത്തിൽ തൃശൂരിന് വലിയ പരിഗണനയാണ് സർക്കാർ നൽകിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കായിക വികസനത്തോടൊപ്പം കായിക താരങ്ങളുടെ ക്ഷേമവും സർക്കാർ ഉറപ്പുവരുത്തും. കായിക നയത്തിൽ കുട്ടികൾക്ക് പ്രാധാന്യം നൽകും. 6.69 കോടി രൂപ ചെലവിലാണ് നീന്തൽക്കുള സമുച്ചയം നവീകരിച്ചത്. വിദ്യാർത്ഥികളിൽ നീന്തൽ പരിശീലനം പ്രോത്സാഹിപ്പിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരം സംഘടിപ്പിക്കാൻ പ്രാപ്തമായ നിർമ്മാണപ്രവർത്തനങ്ങൾ തൃശൂരിലെ നീന്തൽ സമുച്ചയത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
നീന്തൽ പഠനത്തിനായി 27 കായികതാരങ്ങൾ താമസിക്കുന്ന ഹോസ്റ്റൽ മുറികളും നവീകരിച്ചു. നവീകരിച്ച ഹോസ്റ്റൽ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ, കോർപറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ എന്നിവർ മുഖ്യാതിഥികളായി.