തൃശൂർ: സംസ്ഥാന സർക്കാർ കായിക യുവജനകാര്യാലയം വഴി തെരഞ്ഞെടുക്കപ്പെട്ട എജൻസികളുടെ സഹകരണത്തോടെ സ്‌കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന അതിജീവന നീന്തൽ പരിശീലന പദ്ധതിയായ സ്‌പ്ളാഷിന് തുടക്കമായി. തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിൽ മന്ത്രി ഇ.പി. ജയരാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിത അപകടങ്ങളെ അതിജീവിക്കാൻ ആവശ്യമായ നീന്തൽ കഴിവുകൾ കുട്ടികളിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 6,000 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ആദ്യ അഞ്ച് മാസം ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ നിന്നും 1,200 കുട്ടികൾ വീതം ആദ്യഘട്ടത്തിൽ പരിശീലനം നേടും. 12 നും 18 വയസിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായാണ് നീന്തൽ പരിശീലനം നൽകുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. വിദഗ്ദ്ധ പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിലാണ് പരിശീലനം.

60 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ബാച്ചുകളായാണ് പരിശീലനം. ഒരു ബാച്ചിന് ഒരു ദിവസം ഒരു മണിക്കൂർ 15 മിനിറ്റ് എന്ന നിലയിൽ ഒരു വിദ്യാർത്ഥിക്ക് 20 മുതൽ 25 മണിക്കൂർ വരെ നീന്തൽ പരിശീലനം ലഭിക്കും. ദൈനംദിന പരിശീലനം, വാരാന്ത്യ അവധിക്കാല പരിശീലനം എന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. പെൺകുട്ടികൾക്കായി വനിതാ പരിശീലകരുടെ സേവനം ലഭ്യമാക്കും. രണ്ടാംഘട്ടത്തിൽ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് കായിക വകുപ്പ് ലക്ഷ്യമിടുന്നത്...