തൃശൂർ : കേരളത്തിലെ കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി വയനാട്ടിൽ നെതർലൻഡ് സർക്കാരിന്റെ സഹായത്തോടെ മികവിന്റെ കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ യുവ കർഷക സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലങ്ങളായി കൃഷിയിറക്കുന്ന വിളകൾ വീണ്ടും കൃഷിയിറക്കാൻ കർഷകർക്ക് കേസിന് പോകേണ്ട അവസ്ഥയാണിപ്പോൾ.
കർഷകരുടേതല്ല, പേറ്റന്റ് നേടുന്ന കുത്തക കമ്പനികളുടെ കാലമാണിത്. ബി.ജെ.പിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലും കർഷകരുടെ ജീവനും ജീവിതത്തിനും സുരക്ഷയില്ല. കർഷകർക്ക് ആശ്വാസകരമായ നടപടി സ്വീകരിച്ച് ബദൽ നയത്തോടെ പ്രവർത്തിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യം നൽകുമെന്ന ഉറപ്പിൽ നിന്ന് കേന്ദ്രം ഇപ്പോൾ പിന്മാറിയെന്നും കേന്ദ്രത്തിന്റെ ഈ സമീപനം ആരോഗ്യകരമല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.സി. മൊയ്തീൻ, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു, കെ.വി. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.