tsga

ഇന്ത്യൻ മാസ്റ്റേഴസ് വോളിബാൾ ടീമിൽ ഇടം നേടിയ രവി മാസ്റ്റർക്ക് ടി.എൻ. പ്രതാപൻ എം.പി പുസ്തകം നൽകി ആശംസകൾ നേരുന്നു.

തൃപ്രയാർ: ടി.എസ്.ജി.എയിൽ നിന്ന് ഒരു ഇന്ത്യൻ വോളിബാൾ താരം. ടി.എസ്.ജി.എ എക്‌സിക്യുട്ടീവ് മെമ്പറും വോളിബാൾ പരിശീലകനുമായ പി.സി. രവിമാസ്റ്റർ ആണ് ഇന്ത്യൻ മാസ്‌റ്റേഴ്‌സ് വോളിബാൾ ടീമിൽ ഇടം നേടിയത്. ജൂലായ് 27 മുതൽ ആഗസ്റ്റ് 4 വരെ ഇറ്റലിയിൽ നടക്കുന്ന ഇന്റർനാഷണൽ മാസ്‌റ്റേഴ്‌സ് വോളിബാൾ ചാമ്പ്യഷിപ്പിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം 25ന് ഡെൽഹിയിൽ നിന്ന് പുറപ്പെടും.

ഡെറാഡൂണിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിൽ അംഗമായിരുന്നു പി.സി. രവി. കേരള ടീമിന്റെ മികച്ച പ്രകടനത്തിൽ കേരള ടീമിൽ നിന്നും എട്ടു പേർക്ക് ഇന്ത്യൻ ജേഴ്‌സി അണിയാൻ ഭാഗ്യം ലഭിച്ചു. തൃത്തല്ലൂർ കമലാ നെഹ്റു സ്‌കൂളിലെ കായികാദ്ധ്യാപകനായിരുന്ന രവി മാസ്റ്റർ ബാംഗ്‌ളൂരിലെ സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ നിന്നും വോളീബാൾ പരിശീലകനുള്ള എൻ.ഐ.എസ് നേടി. മികച്ച വോളീബാൾ റഫറി കൂടിയാണ്. ഇന്ത്യൻ താരങ്ങളായ കെ.ജി. രാഗേഷ്, എജീസ് താരമായ എം. ബൈജു, പരിശീലകനായ കെ.ജെ. രാഗേഷ് എന്നിവർ രവിമാസ്റ്ററുടെ ശിഷ്യരാണ്. ജില്ലാ വോളീബാൾ കോച്ചിംഗ് കമ്മിറ്റി ചെയർമാനും സംസ്ഥാന ത്രോബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്.

സഹപാഠിയും സുഹൃത്തുമായ ടി.എൻ. പ്രതാപൻ എം.പിയുടെ വസതിയിൽ നടന്ന ചടങ്ങിൽ പുസ്തകം നൽകി രവി മാഷിന് ആശംസകൾ നേർന്നു. ചടങ്ങിൽ ടി.എസ്.ജി.എ സെക്രട്ടറി സി.ജി. അജിത്കുമാർ, സി.എം. നൗഷാദ്, സി.എ. മുഹമ്മദ് റഷീദ്, ഹാറൂൺ റഷീദ്, സി.എസ്. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.