വാടാനപ്പിള്ളി: നിയന്ത്രണം വിട്ട പെട്ടി ഓട്ടോ ബൈക്കിന് പിറകിലിടിച്ച് ബൈക്ക് യാത്രികനായ വിമുക്ത ഭടൻ മരിച്ചു. പുതൂർക്കര സ്വദേശി പേനിക്കാട്ട് വീട്ടിൽ ശിവരാമൻ മകൻ ചന്ദ്രൻ എന്ന പി.എസ് രാമചന്ദ്രൻ (50) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഹോംഗാർഡുമായ തിരുവനന്തപുരം നാളാച്ചേരി സ്വദേശി ശ്രീധർ ദേവകുമാറിന് പരക്കേറ്റു. ഇരുവരും സി.ആർ.പി.എഫിൽ നിന്ന് അടുത്തിടെയാണ് വിരമിച്ചത്. ഇന്നലെ രാവിലെ ഏഴു മണിയോടെ വാടാനപ്പിള്ളി ജവഹർ തയ്യേറ്ററിനു സമീപം ദേശീയപാതയിലായിരുന്നു അപകടം. ചിലങ്ക സെന്ററിൽ പഴയ സഹപ്രവർത്തകന്റെ മകളുടെ വിവാഹചടങ്ങിനായി വരികയായിരുന്നു ഇരുവരും. അതിനിടെയാണ് പിറകിലൂടെ അമിതവേഗത്തിലെത്തിയ പെട്ടി ഓട്ടോ ബൈക്കിന് പിറകിൽ ഇടിച്ചത്. ആക്ട്‌സ് പ്രവർത്തകർ പരക്കേറ്റ ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രാമചന്ദ്രന്റെ ജീവൻ രക്ഷിക്കാനായില്ല.