അന്തിക്കാട്: സ്ഥലക്കച്ചവടത്തിനായി വിളിച്ചു വരുത്തി, നാല് പേരെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച ശേഷം പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട 12 പേരെ പൊലീസ് സാഹസികമായി പിടികൂടി. 13 പേർ പൊലീസിനെ വെട്ടിച്ച് കടന്നുകടഞ്ഞു.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരായ തൃത്താല സ്വദേശി ഫൈസൽ (39), പെരുമ്പാവൂർ സ്വദേശി കൃഷ്ണകുമാർ (52), ചെങ്ങന്നൂർ സ്വദേശി വിഷ്ണു (34), പാലാ സ്വദേശി സോയി എന്നിവരെയാണ് സ്ഥലക്കച്ചവടത്തിന്റെ പേര് പറഞ്ഞ് പെരിങ്ങോട്ടുകരയിലേക്ക് സംഘം വിളിച്ചു വരുത്തി തടങ്കലിലാക്കിയത്.
കിഴുപ്പിള്ളിക്കര സ്വദേശി തേറമ്പത്ത് അരുൺ (28), കാട്ടൂർ സ്വദേശി മരോട്ടിക്കൽ ഷൈൻ (20), പഴുവിൽ വെസ്റ്റ് ചെമ്മാനി നിതീഷ് (ജഗൻ 38), പെരിങ്ങോട്ടുകര ശിങ്കാരത്തോപ്പ് വീട്ടിൽ ജോൺസൺ (27), ചാഴൂർ ചെമ്പകശ്ശേരി അജിൽ കൃഷ്ണ (21), ചെമ്മാപ്പിള്ളി കുറുവത്ത് പ്രജിത്ത് (29), ചെമ്മാപ്പിള്ളി കൂട്ടാല ജിതിൻ (29), പഴുവിൽ വെസ്റ്റ് പാറയ്ക്കൽ പ്രകാശൻ (44), വടക്കുംമുറി മരത്തേഴത്ത് ബിനിൽ (50), ചെമ്മാപ്പിള്ളി തൈവളപ്പിൽ വിനേഷ് (30), പെരിങ്ങോട്ടുകര കണക്കന്തറ അതുൽകൃഷ്ണ (22), പെരിങ്ങോട്ടുകര പുത്തൻപുര മിഥുൻ എസ്. കുമാർ (22) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 10 ഓടെയാണ് സംഭവം.
കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരിങ്ങോട്ടുകര സ്വദേശി കായിക്കുരു രാഗേഷിന്റെ നേതൃത്വത്തിലുള്ള 25 ഓളം പേരാണ് ഗുണ്ടാസംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്ഥലബ്രോക്കർമാരിൽ നിന്നു ലഭിച്ച ഫോൺനമ്പർ പ്രകാരമാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരായ നാൽവർ സംഘത്തെ ഗുണ്ടാസംഘം ഫോണിൽ ബന്ധപ്പെടുന്നത്. നാലുപേരും ഒരുമിച്ചാണ് സ്ഥലവില്പന നടത്തിയിരുന്നത്. ഇവരെ സംഘാംഗമായ മരത്തേഴത്തു വീട്ടിൽ ബിനിലിന്റെ വീട്ടിലെത്തിച്ച ശേഷം മുകളിലത്തെ നിലയിലെ മുറിയിലെത്തിച്ച് മർദ്ദിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
10 ലക്ഷം രൂപ നൽകിയാലേ മോചിപ്പിക്കൂയെന്നും ഗുണ്ടാസംഘം പറഞ്ഞു. ഇവരുടെ കൈവശമുണ്ടായിരുന്ന പതിനായിരം രൂപയും കവർന്നു.
ബന്ധുക്കളെ വിളിച്ച് പണം എത്തിക്കാൻ പറയാനും നിർദ്ദേശിച്ചു. ഒരു ബന്ധുവിന് ഫോൺ ചെയ്ത് പണം ആവശ്യപ്പെടുന്നതിനിടയിൽ, തങ്ങൾ തടങ്കലിലാണെന്ന വിവരം അറിയിച്ചു. വീടിന്റെ ലൊക്കേഷനും ഇവർ ബന്ധുവിന് പറഞ്ഞുകൊടുത്തു. ബന്ധു ഉടൻ അന്തിക്കാട് സ്റ്റേഷനിൽ വിവരമറിയിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നിർദ്ദേശപ്രകാരം മഫ്ടിയിൽ എത്തിയ പൊലീസ് സംഘം വീടു കണ്ടെത്തി. തുടർന്ന് അന്തിക്കാട് എസ്.ഐ സുജിത്ത് ജി. നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം വീടു വളഞ്ഞ്
ഗുണ്ടാ സംഘത്തിലെ 12 പേരെ കീഴ്‌പ്പെടുത്തുകയായിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ റഷീദ്, അഡിഷണൽ എസ്.ഐ ഗിരിജാ വല്ലഭൻ, എ.എസ്.ഐ ഷാജു, സി.പി.ഒമാരായ ഷറഫുദീൻ, സോഹൻലാൽ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.